വടക്കേക്കര ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

പറവൂര്‍: പൊതുജനങ്ങളുടെ ആവശ്യമനുസരിച്ച് പൊതുസേവനങ്ങള്‍ നല്‍കുന്നതിന് പ്രായോഗികപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നൂതന സങ്കേതികവിദ്യയിലൂടെ നടപ്പാക്കിയതിന് വടക്കേക്കര ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. നിയോജകമണ്ഡലത്തില്‍ ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ആദ്യ പഞ്ചായത്താണ് വടക്കേക്കര എന്ന് പ്രസിഡന്‍റ് കാര്‍ത്യായനി സര്‍വന്‍, വൈസ് പ്രസിഡന്‍റ് കെ.ആര്‍. മോഹനന്‍, സെക്രട്ടറി സഞ്ജയ് പ്രഭു എന്നിവര്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.ക്യു സര്‍വിസസ് എന്ന സ്ഥാപനമാണ് ഗുണമേന്മാ പരിശോധന നടത്തിയത്. ജില്ലയില്‍ ഈ അംഗീകാരം ലഭിക്കുന്ന ഏഴാമത്തെ പഞ്ചായത്തുമാണ്. പഞ്ചായത്തിലെ ജനന-മരണ, വിവാഹ രജിസ്ട്രേഷന്‍, വസ്തുനികുതി, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, ഫ്രണ്ട് ഓഫിസ് എന്നിവ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചു. ഫയലുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിന് റെക്കോഡ് റൂം സ്ഥാപിച്ചു. ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ രേഖകള്‍ തരംതിരിക്കാനും മറ്റുമായി മികച്ച സൗകര്യം ഏര്‍പ്പെടുത്തുകയും കമ്പ്യൂട്ടറുകള്‍ അനുവദിക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഫ്രണ്ട് ഓഫിസ് സംവിധാനം കുറ്റമറ്റതാക്കി. ഇവിടെ ടെലിവിഷനും കുടിവെള്ളം, ശുചിമുറി എന്നിവ ഏര്‍പ്പെടുത്തി. വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജനസേവന കേന്ദ്രം, എസ്.എം.എസ് അലര്‍ട്ട്, ടച്ച് സ്ക്രീന്‍ സംവിധാനം എന്നിവ ഏര്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.