കൊച്ചിയുടെ ഗതാഗത പ്രശ്നം; കെ.എം.ആര്‍.എല്‍ അഭിപ്രായ സര്‍വേക്ക്

കൊച്ചി: ഗതാഗത രംഗത്തെ കൊച്ചിയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ(കെ.എം.ആര്‍.എല്‍) നേതൃത്വത്തില്‍ ഭവനസന്ദര്‍ശനവും സര്‍വേയും നടത്തുന്നു. കൊച്ചിയിലെ ഗതാഗതസൗകര്യങ്ങളെ കുറിച്ചും ഗതാഗതകുരുക്കിന്‍െറ കാരണങ്ങളെ കുറിച്ചും ജനങ്ങളില്‍നിന്ന് നേരിട്ട് അറിയുക ലക്ഷ്യമിട്ടാണ് സര്‍വേ. വിശാലകൊച്ചിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഏകീകൃത പൊതുഗതാഗത സൗകര്യങ്ങള്‍, കൊച്ചി നഗരത്തിനായി വിഭാവനം ചെയ്യുന്ന യന്ത്രരഹിത ഗതാഗത മാര്‍ഗങ്ങള്‍, വിശാല കൊച്ചിക്കിണങ്ങുന്ന സമഗ്ര ഗതാഗത പദ്ധതികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയെ സംബന്ധിച്ചാണ് പൊതുജന അഭിപ്രായം തേടുക. സര്‍വേ നടത്തുന്നതിന് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലുള്ള അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡിനെ(യു.എം. ടി.സി)യാണ് കെ.എം.ആര്‍.എല്‍ കണ്‍സള്‍ട്ടന്‍റ് കമ്പനിയായി തെരഞ്ഞെടുത്തിട്ടുള്ളത്. കണ്‍സള്‍ട്ടന്‍റ് കമ്പനിയായ യു.എം.ടി.സി വിശദമായ വിവരസമാഹരണത്തിന് ഡേറ്റാകോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 45 ദിവസം നീണ്ടുനില്‍ക്കുന്ന സര്‍വേയാണ് ലക്ഷ്യമിടുന്നത്. സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍വേയുമായി സഹകരിക്കണമെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു. സഹകരണം ആവശ്യപ്പെട്ട് വിശാല കൊച്ചിയില്‍ ഉള്‍പ്പെട്ട കൊച്ചി നഗരസഭ മേയര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ക്ക് കത്തയച്ചതായും കെ.എം.ആര്‍.എല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.