ആലുവ: കുടിശ്ശിക തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കരാറുകാര്‍ പണിമുടക്ക് ആരംഭിച്ചു. ആലുവ ഡിവിഷന് കീഴിലെ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, നെടുമ്പാശ്ശേരി സബ് ഡിവിഷനുകളിലാണ് വ്യാഴാഴ്ച മുതല്‍ പണി നിര്‍ത്തിവെച്ചത്. നിത്യേന അറ്റകുറ്റപ്പണി ആവശ്യമുള്ള മേഖലയില്‍ ഇതോടെ ഓണത്തിന് കുടിവെള്ളമില്ലാത്ത അവസ്ഥയാകും. വര്‍ഷങ്ങളായ കുടിശ്ശിക തീര്‍ക്കാത്തതിനത്തെുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിലായ കരാറുകാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പണി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് എം.എല്‍.എ അടക്കമുള്ളവര്‍ കരാറുകാരുമായി ചര്‍ച്ച നടത്തി കുടിശ്ശിക ഉടന്‍ തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, അധികൃതര്‍ തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. കുടിശ്ശിക തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പല സമരങ്ങളും നടത്തി. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി, എം.എല്‍.എമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഡിസംബര്‍ 11ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയിരുന്നു. മാര്‍ച്ചിനുള്ളില്‍ ഫണ്ട് ലഭ്യമാക്കാമെന്നാണ് അധികൃതര്‍ കരാറുകാര്‍ക്ക് ഉറപ്പുനല്‍കിയത്. പക്ഷേ, നടപടി ഉണ്ടായില്ളെന്ന് കരാറുകാര്‍ പറയുന്നു. ചെറുകിട കരാറുകാര്‍ വായ്പയും മറ്റും എടുത്താണ് അടിയന്തര പണിചെയ്തത്. ഇതുമൂലം സാമ്പത്തിക ബുദ്ധിമുട്ടില്‍ ജപ്തി നടപടികള്‍ നേരിടേണ്ടിവരുകയും ചെയ്തു. ഇനിയും മുന്നോട്ടുപോകാന്‍ കഴിയാത്തതിനാലാണ് വീണ്ടും പണി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് കരാറുകാരുടെ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ആലുവ മേഖലയിലെ പ്രധാന പ്രശ്നം പൈപ്പ് പൊട്ടലാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പൈപ്പുകള്‍ വരെയുണ്ട്. കരാറുകാര്‍ പണിചെയ്യുമ്പോള്‍ പോലും പല സ്ഥലത്തും സമയത്തിന് പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ കഴിയാറില്ല. ഇത്തരത്തില്‍ ജനം ദുരിതം അനുഭവിക്കുന്നതിനിടെയാണ് കരാറുകാര്‍ പൂര്‍ണമായും സമരമാരംഭിക്കുന്നത്. ഇതോടെ പലസ്ഥലത്തും ജലവിതരണം താറുമാറാകാനിടയുണ്ട്. ഓണാഘോഷം അടുത്തത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. അസോസിയേഷന്‍ യോഗത്തില്‍ ഭാരവാഹികളായ ഡിക്സന്‍, സുരേഷ്, പി.സി. വര്‍ഗീസ്, വി.എക്സ്. ഫ്രാന്‍സിസ്, ഷാജി ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.