ചിട്ടി ഉടമയും മാനേജറും മുങ്ങിയതായി പരാതി

പള്ളുരുത്തി: ചെറായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമൃതശ്രീ ചിട്ടിയുടെ പള്ളുരുത്തിയിലെ ശാഖയില്‍നിന്ന് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത് ഉടമയും മാനേജറും മുങ്ങിയതായി പരാതി. പള്ളുരുത്തിയിലെ ശാഖയില്‍നിന്നുള്ള നിക്ഷേപര്‍ക്ക് പണം ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഉടമയും മാനേജറും മുങ്ങിയതായി മനസ്സിലായത്. ഇതേതുടര്‍ന്ന് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്‍റുമാരാണ് പൊലീസിന് ആദ്യം പരാതി നല്‍കിയത്. വിവരം അറിഞ്ഞ് അഞ്ഞൂറോളം പേരാണ് ശനിയാഴ്ച പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കാനത്തെിയത്. പള്ളുരുത്തി ബ്രാഞ്ച് മാനേജര്‍ വൈപ്പിന്‍ സ്വദേശി സജീവന്‍, എം.ഡി. ശിവദാസന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. പശ്ചിമകൊച്ചിയിലെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ നിക്ഷേപകരാണ്. കൂലിപ്പണിക്കാര്‍ മുതല്‍ കച്ചവടക്കാര്‍ വരെ ചിട്ടിക്കമ്പനിയില്‍ അംഗങ്ങളാണ്. ഇവരുടെ ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. നിക്ഷേപകര്‍ സ്റ്റേഷനില്‍ കൂട്ടത്തോടെയത്തെിയത് അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി. പരാതിയെ തുടര്‍ന്ന് പൊലീസ് ചിട്ടിക്കമ്പനിയുടെ പള്ളുരുത്തിയിലെ ഓഫിസിലത്തെി പരിശോധന നടത്തി. പള്ളുരുത്തി സി.ഐ വി.ജി. രവീന്ദ്രനാഥിനാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സി.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.