തമ്മനം –പുല്ളേപ്പടി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും

കൊച്ചി: കൊച്ചി നഗരത്തിലെ യാത്രക്ളേശത്തിന് പരിഹാരമെന്ന നിലയില്‍ ആസൂത്രണം ചെയ്ത തമ്മനം-പുല്ളേപ്പടി റോഡിന്‍െറ വികസനച്ചുമതല പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. ശനിയാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ആദ്യഘട്ടത്തില്‍ കതൃക്കടവ് മുതല്‍ കാരണക്കോടം വരെ 900 മീറ്റര്‍ ഭാഗമാണ് വികസിപ്പിക്കുക. ഈ ഭാഗത്തെ റോഡ് വികസനത്തിന് മുമ്പ് 25 കോടി രൂപ അനുവദിച്ചിരുന്നു. ഇവിടെ 1993-94ല്‍ കോര്‍പറേഷന്‍ ഉണ്ടാക്കിയ ധാരണ പ്രകാരം 94 പേര്‍ റോഡ് വികസനത്തിന് ഭൂമി സൗജന്യമായി നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഈ ഭാഗത്ത് 20 കെട്ടിടങ്ങള്‍ പൂര്‍ണമായും നാല് കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചുനീക്കേണ്ടിവരും. റോഡ്വികസനത്തിന് 1.95 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരുക. ആദ്യഘട്ടത്തില്‍ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തിന് 38 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാനും കെട്ടിടങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരത്തിന് ഇതില്‍ തുക നീക്കിവെക്കും. റോഡ് പൂര്‍ത്തിയാക്കാന്‍ മാത്രം ഏഴുകോടി രൂപ വേണ്ടിവരും. ഈ മേഖലയില്‍ കൂടുതലും വീടുകളാണുള്ളത്. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ ചുമതലകള്‍ പൊതുമരാമത്തുവകുപ്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പ്രമേയം ഉടന്‍ കോര്‍പറേഷന്‍ സര്‍ക്കാറിന്‍െറ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്ന് മേയര്‍ ടോണി ചമ്മണി അറിയിച്ചു. അതുപോലെ സൗജന്യമായി ഭൂമി നല്‍കിയവര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും സര്‍ക്കാറിന് നല്‍കും. ഭൂമി വില നിര്‍ണയസമിതിയുടെ യോഗത്തിന് ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും. യോഗത്തില്‍ എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, മേയര്‍ ടോണി ചമ്മണി, കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്, കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും വിവിധ വകുപ്പ് പ്രതിനിധികളും കോര്‍പറേഷന്‍ പ്രതിനിധികളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.