കുസാറ്റ് സംഘട്ടനം: 22 വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി

കളമശ്ശേരി: ഹോസ്റ്റല്‍ ലഭിക്കാത്തതിന്‍െറ പേരില്‍ കൊച്ചി സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ അടക്കമുള്ളവരെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉപരോധിച്ച സംഭവത്തില്‍ 22 വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാലാ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സമരത്തില്‍ പങ്കെടുത്ത ഒമ്പത് വിദ്യാര്‍ഥിനികള്‍ക്കും 15 വിദ്യാര്‍ഥികള്‍ക്കെതിരെയുമാണ് പരാതി. പ്രോ-വി.സി, രജിസ്ട്രാര്‍, ചീഫ് വാര്‍ഡന്‍ എന്നിവരെ തടഞ്ഞുവെക്കുകയും ഓഫിസിലെ ഫയലുകള്‍ നശിപ്പിക്കുകയും ചില്ലുകള്‍ തകര്‍ത്തതായും ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരെ കൂടാതെ വേറെയും വിദ്യാര്‍ഥികള്‍ ഉപരോധത്തില്‍ പങ്കെടുത്തതായും പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രോ-വി.സി അടക്കമുള്ളവരെ വിദ്യാര്‍ഥികള്‍ രാത്രി 12 വരെ ഒമ്പത് പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയില്ളെന്ന് ആരോപിച്ച് തടഞ്ഞുവെച്ചത്. വിദ്യാര്‍ഥികളെ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പൊലീസിന് നേരെ തിരിയുകയും പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പൊലീസിന് നേരെ കല്ളേറും നടത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല അഞ്ചുദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.