വിദ്യാര്‍ഥി –പൊലീസ് സംഘട്ടനം: കുസാറ്റ് അഞ്ചുദിവസത്തേക്ക് അടച്ചു

കളമശ്ശേരി: അക്രമസംഭവത്തെ തുടര്‍ന്ന് കൊച്ചി സര്‍വകലാശാല അഞ്ചുദിവസത്തേക്ക് അടച്ചിട്ടു. ഹോസ്റ്റല്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അര്‍ധരാത്രിയാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പൊലീസുമായി ഏറ്റുമുട്ടിയത്. പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസിനു നേരെ കല്ളെറിയുകയും പൊലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്ത ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നൂറ് വിദ്യാര്‍ഥികള്‍ക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. സര്‍വകലാശാല ഇനി അടുത്ത ബുധനാഴ്ചയേ തുറക്കൂ. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പഠനംതുടരാന്‍ അവസരമൊരുക്കും. മറ്റു സംസ്ഥാന വിദ്യാര്‍ഥികള്‍ വകുപ്പ് മേധാവികളുടെ സാക്ഷ്യപത്രവുമായി വന്നാല്‍ ഹോസ്റ്റലുകളില്‍ തങ്ങാന്‍ അനുവദിക്കും. തിങ്കളാഴ്ച നടക്കാനിരുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്ളാസ് ഒരാഴ്ചക്കു ശേഷമേ തുടങ്ങൂ. മൂന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനികളായ ഒമ്പതുപേര്‍ക്ക് സര്‍വകലാശാല ഹോസ്റ്റല്‍ സൗകര്യം നല്‍കിയില്ളെന്നാരോപിച്ചാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ നൂറോളം പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അമിനിറ്റി സെന്‍ററില്‍ ചീഫ് വാര്‍ഡന്‍ ഡോ. ജോബ് തോമസിനെ ഉപരോധിച്ചത്. തുടര്‍ന്ന് ചര്‍ച്ചക്കത്തെിയ രജിസ്ട്രാര്‍ ഡോ. എസ്. ഡേവിസ് പീറ്ററെയും വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചു. സര്‍വകലാശാല പുതുതായി പുറത്തുവിട്ട ഹോസ്റ്റല്‍ ലിസ്റ്റില്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളിലെയും റാഞ്ചിയിലെയും ഉള്‍പ്പെടെ ഒമ്പത് വിദ്യാര്‍ഥിനികളുടെ പേര് ഉള്‍പ്പെട്ടിട്ടില്ളെന്നാരോപിച്ചായിരുന്നു ഉപരോധം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റാഞ്ചി സ്വദേശിനിക്ക് ഹോസ്റ്റല്‍ അനുവദിക്കാമെന്നും മറ്റുള്ളവര്‍ക്ക് സര്‍വകലാശാലയിലെ ഹോസ്റ്റലുകളിലെ മറ്റുള്ളവര്‍ക്കൊപ്പം താമസിക്കാന്‍ അവസരമൊരുക്കാമെന്നും പറഞ്ഞെങ്കിലും സമ്മതിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് രാത്രി 11 ഓടെ പ്രോവൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ് വിദ്യാര്‍ഥികളെ അനുരഞ്ജിപ്പിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെയും ഉപരോധിച്ചു. കളമശ്ശേരി പൊലീസിന് രേഖാമൂലം സര്‍വകലാശാലാ അധികൃതര്‍ പരാതി നല്‍കിയതോടെ പൊലീസ് ബലംപ്രയോഗിച്ച് അമിനിറ്റി സെന്‍ററിന്‍െറ അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇതോടെ, വിദ്യാര്‍ഥികള്‍ പൊലിസിനുനേരെ തിരിഞ്ഞതോടെ പൊലീസ് ലാത്തിവീശി. അരമണിക്കൂര്‍ അമിനിറ്റി സെന്‍ററിനുമുന്നില്‍ യുദ്ധസമാന രംഗങ്ങളായിരുന്നു. ഓഫിസിനകത്തെ മേശകള്‍ തള്ളിനീക്കുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്ത് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ പൊലീസിനുനേരെ കല്ളേറ് നടത്തി. പത്തോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പിന്‍െറ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്ഥലത്തത്തെിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ വിദ്യാര്‍ഥികളെ സ്ഥലത്തുനിന്ന് പറഞ്ഞയച്ചു. ആക്രമണത്തെ തുടര്‍ന്ന് സമരത്തോടൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ ഒറ്റപ്പെട്ട നിലയിലായി. പിന്നീട് പൊലീസ് ഇവരെ ഹോസ്റ്റലുകളിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ, മണിക്കൂറുകളോളം ബന്ദിയാക്കിയ രജിസ്ട്രാറെയും ചീഫ് വാര്‍ഡനെയും പൊലീസ് ജീപ്പില്‍ താമസ സ്ഥലത്തത്തെിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവസ്ഥലത്തുനിന്ന് വിദ്യാര്‍ഥി നേതാക്കളെ സി.ഐ സി.ജെ. മാര്‍ട്ടിന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.