കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു –എസ്.ടി.യു

കാസര്‍കോട്: നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാറും സംസ്ഥാനത്തെ പൊതുവിതരണ റേഷന്‍ സമ്പ്രദായത്തെ അട്ടിമറിക്കുകയും അരിയും കുടിവെള്ളവും കിട്ടാക്കനിയാക്കുകയുംചെയ്ത സംസ്ഥാന സര്‍ക്കാറും രാജ്യത്തെ ജനങ്ങളുടെ ക്ഷമ പരിശോധിക്കുകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുറഹ്മാന്‍. നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ പെരുവഴിയിലാക്കുകയും സാമ്പത്തിക നിയന്ത്രണത്തിലൂടെ വ്യാപാര, കാര്‍ഷിക മേഖലകളെ തകര്‍ക്കുകയും കുത്തകകള്‍ക്ക് രാജ്യത്തിന്‍െറ സമസ്ത മേഖലകളും അടിയറവെക്കുകയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുകയും രാജ്യത്തെ ജനങ്ങളെ മതത്തിന്‍െറയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയുംചെയ്യുന്ന മോദിസര്‍ക്കാര്‍ രാജ്യത്തിന് അപമാനമായി മാറുകയും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് താഴ്ത്തികെട്ടുകയുംചെയ്തു. അഞ്ചുവര്‍ഷം വിലക്കയറ്റമുണ്ടാവില്ളെന്ന് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ റേഷന്‍ പൊതുവിതരണ സമ്പ്രദായം തകര്‍ത്തതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ന്യായവിലയ്ക്ക് ലഭിച്ചിരുന്ന എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. രൂക്ഷമായ വരള്‍ച്ചമൂലം ജനങ്ങള്‍ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ്. ഇതിന് ഒരുവിധ മുന്‍കരുതലുകളുമില്ല. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ബല്യംമൂലം നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതുകാരണം ഈ മേഖലകളിലെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ തുല്യതയില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നത്. നല്ല ദിനങ്ങള്‍ വാഗ്ദാനംചെയ്തവരും എല്ലാം ശരിയാക്കാന്‍ പുറപ്പെട്ടവരും ചേര്‍ന്ന് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ദുരിതമകറ്റാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും തൊഴില്‍മേഖലകള്‍ സജീവമാക്കാനും സാമ്പത്തിക വ്യാപാര തൊഴില്‍മാന്ദ്യത്തിന് പരിഹാരം കാണാനും ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ മുന്നോട്ടുവരണമെന്നും അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.