ഈ കവിതകള്‍ കാലത്തിന്‍െറ മുറിവുണക്കുന്നതിനാണ്

പെരിയ: വിഷമഴയേറ്റ് കരിഞ്ഞുപോയ സഹജീവികളുടെ ജീവിതം കണ്‍മുന്നില്‍ ഉറക്കംകെടുത്തുമ്പോള്‍ അനുശ്രീ എന്ന ഒമ്പതാം ക്ളാസുകാരി എഴുതിയ കവിതകളില്‍ നിറഞ്ഞത് സങ്കടമോ സഹതാപമോ ആയിരുന്നില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ നാടകം കളിക്കുന്ന രാഷ്ട്രീയക്കാരോടും അധികാരികളോടുമുള്ള പെയ്തൊഴിയാത്ത പ്രതിഷേധമായിരുന്നു. ‘മഴനനഞ്ഞ കുട്ടികള്‍’ എന്ന ഒരൊറ്റ കവിത ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസവുമായി പ്രവര്‍ത്തിക്കുന്ന സൗജിത്ത് അബ്രഹാം തോമസ് അനുശ്രീയുടെ സ്കൂള്‍ വിലാസം അന്വേഷിച്ചറിഞ്ഞ് കത്തെഴുതി. തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതും കാസര്‍കോട്ടെ വിഷമഴയേറ്റ വീടുകള്‍ പലതവണ സന്ദര്‍ശിച്ചതുമൊക്കെ ഓര്‍ക്കുന്ന ആ കത്തില്‍ അനുശ്രീയുടെ കവിത എത്രമാത്രം തന്നെ പൊള്ളിച്ചുവെന്ന് അദ്ദേഹം തുറന്നെഴുതുന്നു. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഈ കവിതക്കു പിന്നിലെ അനുഗൃഹീതകരങ്ങള്‍ അന്വേഷിച്ച് വിദേശ മലയാളികള്‍വരെയത്തെി. അപ്പോഴൊക്കെയും പുല്ലൂര്‍ മധുരമ്പാടിയിലെ തന്‍െറ വീട്ടിലേക്കുള്ള തണലുവീണ വഴിയില്‍ പതിവുപോലെ സ്കൂള്‍ ബാഗും തൂക്കി ആ പെണ്‍കുട്ടി തനിച്ച് നടക്കുകയായിരുന്നു. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ മാത്രം കുത്തിക്കുറിക്കുന്നവ കവിതകളാണെന്ന് അപ്പോഴും അവള്‍ വിശ്വസിച്ചിരുന്നില്ല; ഒരു നോട്ട് ബുക്ക് നിറയെ കുറിച്ചിട്ട ‘തൊണ്ടിമുതല്‍’ അധ്യാപകര്‍ കൈയോടെ പിടികൂടുംവരെ. വറ്റുന്ന പുഴയെച്ചൊല്ലിയും ഇല്ലാതെയാവുന്ന കുന്നിനെച്ചൊല്ലിയും അനുശ്രീ എഴുതിയ വരികളിലെ പ്രായത്തിനതീതമായ വേറിട്ട കാഴ്ചപ്പാടുകളും അവതരണരീതിയും അധ്യാപകരെ അദ്ഭുതപ്പെടുത്തിയപ്പോഴാണ് കവിതകള്‍ സമാഹരിക്കുകയെന്ന ആലോചന ആരംഭിച്ചത്. ശനിയാഴ്ച പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ അനുശ്രീയുടെ ആദ്യ കവിതസമാഹാരമായ ‘ഒളിഞ്ഞുനോട്ടം’ കവി ദിവാകരന്‍ വിഷ്ണുമംഗലം പ്രകാശനം ചെയ്തു. ബിജു കാഞ്ഞങ്ങാട് ആദ്യപ്രതി ഏറ്റുവാങ്ങി. സുകുമാരന്‍ പെരിയച്ചൂര്‍, പ്രമോദ് പി. സെബാന്‍, എ. കുഞ്ഞമ്പു മാസ്റ്റര്‍, എം. ശ്രീധരന്‍ നമ്പ്യാര്‍, ഓമനാ കൃഷ്ണന്‍, ചന്ദ്രിക ടീച്ചര്‍, എടയില്ലത്ത് രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.എ. രാജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ജെ. ഷൈനി നന്ദിയും പറഞ്ഞു. പുല്ലൂര്‍ മധുരമ്പാടിയിലെ എ. രവിയുടെയും വി.വി. അനിതയുടെയും മകളാണ് പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്കൂളില്‍ ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന ഈ എഴുത്തുകാരി. ആര്യശ്രീ സഹോദരിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.