കൃഷിയില്‍ സ്വയംപര്യാപ്തത നേടണം –ഋഷിരാജ് സിങ്

വെള്ളരിക്കുണ്ട്: കൃഷിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടണമെന്നും എല്ലാത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ പോരായ്മയാണെന്നും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ചൈത്രം -2017 കാര്‍ഷികമേളയോടനുബന്ധിച്ച് നടന്ന കാര്‍ഷിക-ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിഭൂമിക്ക് അനുയോജ്യമായ കൃഷിരീതികള്‍ പരിശീലിക്കണം. വര്‍ഷത്തില്‍ ഒരു മഴ മാത്രം കിട്ടുന്ന രാജസ്ഥാനില്‍ കുടിവെള്ളം കിട്ടാതെ മനുഷ്യര്‍ മരിച്ചതായി ഇതുവരെയുണ്ടായിട്ടില്ല. ഒരു മഴയില്‍ മാത്രം കിട്ടുന്ന വെള്ളം നല്ല രീതിയില്‍ സംഭരിച്ചാണ് അവിടത്തെ കൃഷികള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍, എട്ടുമാസം മഴപെയ്യുന്ന കേരളത്തില്‍ കുടിവെള്ളത്തിനായി ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്. ലഹരിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. ഇന്ത്യയില്‍ മോശമായ നഗരം നോക്കിയാല്‍ കൊച്ചിക്കാണ് രണ്ടാംസ്ഥാനം. ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് ക്ളാസ്മുറികളിലാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്കുവേണ്ടി ദിവസം പത്തുമിനിറ്റ് നീക്കിവെച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. ആണ്‍കുട്ടികളില്‍ 74 ശതമാനവും പെണ്‍കുട്ടികളില്‍ 27 ശതമാനവും എന്തെങ്കിലും ലഹരിവസ്തുക്കള്‍ ഒരിക്കലെങ്കിലും ഉപയോഗിച്ചവരാണ്. കഴിഞ്ഞ ആറുമാസംകൊണ്ട് 45,000 കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ തോമസ് അധ്യക്ഷത വഹിച്ചു. റിട്ട. ഐ.ജി കെ.വി. മധുസൂദനന്‍ സംസാരിച്ചു. സണ്ണി പൈക്കട സ്വാഗതവും ഷിനോ പഴയാറ്റില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.