ചെറുവത്തൂര്‍: തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളെ ബന്ധിപ്പിച്ച് രണ്ട് തൂക്കുപാലം നിര്‍മിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തിനെയും കിനാനൂര്‍ കരിന്തളം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറിയാക്കര തൂക്കുപാലം, ചീമേനി പുലിയന്നൂരിനെയും കരിന്തളം വടക്കേ പുലിയന്നൂരിനെയും ബന്ധിപ്പിക്കുന്ന വടക്കേ പുലിയന്നൂര്‍ തൂക്കുപാലം എന്നിവയുടെ പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. എം. രാജഗോപാലന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇരുസ്ഥലങ്ങളിലുമത്തെി പ്രാഥമിക പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കാന്‍ നടപടിയായി. വടക്കേ പുലിയന്നൂര്‍ കടവില്‍ ജനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും തൂണും മരവും ഉപയോഗിച്ച് നടപ്പാലം നിര്‍മിച്ചാണ് യാത്രാപ്രശ്നം പരിഹരിച്ചിരുന്നത്. എന്നാല്‍, മഴക്കാലമായാല്‍ വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ പാലം ഒലിച്ചുപോകും. രണ്ടുവര്‍ഷമായി ഇവിടെ നടപ്പാലവും ഇല്ലാത്ത സ്ഥിതിയാണ്. ചെറിയാക്കരയില്‍ പാലം നിര്‍മിക്കുകയെന്നത് വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹമാണ്. കടത്തുതോണി വഴിയാണ് യാത്രക്കാര്‍ ഇരു കരകളിലേക്കും എത്തുന്നത്. ഇവിടെ നിരവധി തവണ അപകടം ഉണ്ടാവുകയും നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. യാത്രാപ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ എം. രാജഗോപാലന്‍ എം.എല്‍.എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് പാലം നിര്‍മിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് മാനേജര്‍ മുഹമ്മദ്, എന്‍ജിനീയര്‍മാരായ വി.കെ. സുരേഷ്, രാജീവ്, അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക പരിശോധന നടത്തിയത്. എസ്റ്റിമേറ്റ് തയാറാക്കിയശേഷം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റ് വിധുബാല, പി. കുഞ്ഞിക്കണ്ണന്‍, എം. ശശിധരന്‍, പി. ചന്ദ്രന്‍, കെ. ലക്ഷ്മണന്‍, വിജയകുമാരി, ടി.പി. നാരായണന്‍, ശാര്‍ങ്ങി എന്നിവരും സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.