സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണം: ആരോഗ്യവകുപ്പിലെ അവലോകനയോഗങ്ങള്‍ താളംതെറ്റുന്നു

കാഞ്ഞങ്ങാട്: കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണം തുടങ്ങിയതോടെ ആരോഗ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍ മുടങ്ങുന്നു. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പി.എച്ച്.സി, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍മാരുടെയും സൂപ്രണ്ടുമാരുടെയും ജില്ലാതല അവലോകനയോഗം കെ.ജി.എം.ഒ.എയുടെ നിസ്സഹകരണ സമരംമൂലം നടന്നില്ല. എല്ലാമാസവും നടക്കുന്ന ഈ യോഗത്തില്‍ കെ.ജി.എം.ഒ.എയുടെ ബഹിഷ്കരണ ആഹ്വാനംമൂലം ഒരാള്‍പോലും പങ്കെടുത്തില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം ആറു മുതല്‍ നിസ്സഹകരണ സമരത്തിലാണ്. അവലോകനയോഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങള്‍, വി.ഐ.പി ഡ്യൂട്ടി, പരിശീലന പരിപാടികള്‍ എന്നിവ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആറു മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികളിലെ പേ വാര്‍ഡ് അഡ്മിഷനും നിര്‍ത്തിവെച്ചിരിക്കുകയാണ്. 10ാം ശമ്പള പരിഷ്കരണത്തിന്‍െറ ഭാഗമായി വന്ന സര്‍ക്കാര്‍ ഉത്തരവില്‍ അടിസ്ഥാനശമ്പളത്തിലുണ്ടായ വന്‍ വെട്ടിക്കുറവില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നിസ്സഹകരണസമരം തുടങ്ങിയത്. സെപ്റ്റംബര്‍ ആറിന് നടന്ന സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ആയിരത്തിലേറെ ഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍നിന്ന് 26 പേരാണ് പങ്കെടുത്തത്. പ്രശ്നപരിഹാരമായില്ളെങ്കില്‍ തിരുവോണദിവസം സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കാനും സെപ്റ്റംബര്‍ 27ന് സൂചനാപണിമുടക്ക് നടത്താനും ഒക്ടോബറില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനും തീരുമാനമുണ്ട്. വിവിധ പ്രതിഷേധസമരങ്ങള്‍ ഫലം കാണാതായതോടെയാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.