ആക്രിക്കാര്‍ക്ക് പോലും വേണ്ട: കണ്‍സ്യൂമര്‍ ഫെഡിന്‍െറ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കട്ടപ്പുറത്ത്

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി കട്ടപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ എന്തു ചെയ്യണമെന്നാണ് മഡിയനിലെ നാട്ടുകാര്‍ കണ്‍സ്യൂമര്‍ ഫെഡ് അധികൃതരോട് ചോദിക്കുന്നത്. ആക്രിക്കാര്‍ക്ക് പോലും വേണ്ടാതെ കിടക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡിന്‍െറ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കായി വാങ്ങിയ വാഹനങ്ങള്‍. കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ കാലത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.കെ. നാരായണന്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായിരുന്നപ്പോഴാണ് ഓരോ നിയോജകമണ്ഡലത്തിലും ഒന്ന് എന്ന തോതില്‍ 140 മൊബൈല്‍ വാഹനങ്ങള്‍ വാങ്ങിയത്. ദോഷം പറയരുതല്ളോ, നല്ല ആശയമായിരുന്നു അത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും ഹോട്ടലുകളുമൊക്കെയായി എന്തൊക്കെയോ ആരംഭകാലത്ത് നടക്കുകയും ചെയ്തിരുന്നു. എന്നാല്‍, കുറച്ചു കാലത്തിനുള്ളില്‍ വണ്ടികള്‍ കട്ടപ്പുറത്തായി. ഇപ്പോള്‍ 140 വാഹനങ്ങളും ഉപയോഗിക്കാനാവാതെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കട്ടപ്പുറത്താണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കായി വാങ്ങിയ 16 വണ്ടികള്‍ കാഞ്ഞങ്ങാട്, നീലേശ്വരം, കണ്ണൂരിലെ ചക്കരക്കല്ല് എന്നിവിടങ്ങളിലാണ് തുരുമ്പെടുത്ത് കിടക്കുന്നത്. ത്രിവേണി മൊബൈല്‍ ഷോപ്പുകളുടെ മാത്രമല്ല, കണ്‍സ്യൂമര്‍ ഫെഡിന്‍െറ പലയിടത്തെയും നന്മ സ്റ്റോറുകളുടെയും പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. നന്മ സ്റ്റോറുകള്‍ അടച്ചപ്പോള്‍ സ്റ്റോക് നീലേശ്വരം ബ്ളോക് ഓഫിസിനടുത്ത ഗോഡൗണിലേക്ക് മാറ്റിയിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാര്‍ വന്ന് പരിശോധിച്ച ശേഷം ഉപയോഗശൂന്യമായ സാധനങ്ങളും മറ്റു വസ്തുക്കളും ലേലം ചെയ്ത് വില്‍ക്കാനും ബാക്കിയുള്ളവ നശിപ്പിക്കാനുമാണ് തീരുമാനം. കണ്‍സ്യൂമര്‍ ഫെഡിന് ഇതുമൂലം കോടികളുടെ നഷ്ടമാണുണ്ടാവുക. ജില്ലയില്‍ എട്ട് ത്രിവേണി സ്റ്റോറുകളും ഏഴ് നന്മ സ്റ്റോറുകളുമാണുണ്ടായിരുന്നത്. ത്രിവേണി സ്റ്റോറുകള്‍ തട്ടിയും മുട്ടിയും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്റ്റോറുകളും മാസത്തില്‍ ഇരുപതിനായിരത്തോളം രൂപ നഷ്ടം സഹിച്ചാണ് മുന്നോട്ടുപോകുന്നത്. ക്രമക്കേടുകളും ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുടെ എണ്ണവും കാരണം പ്രതിസന്ധിയിലാണ് പ്രവര്‍ത്തനം. വിവിധയിനം പുതിയ പദ്ധതികള്‍ സ്വീകരിച്ച്, വിദഗ്ധരുമായി ആലോചിച്ച് കണ്‍സ്യൂമര്‍ ഫെഡിനെ രക്ഷപ്പെടുത്താനുള്ള പ്രയത്നത്തിലാണെന്ന് ഡയറക്ടര്‍ കെ.വി. കൃഷ്ണന്‍ അറിയിച്ചു. ഓണം കഴിഞ്ഞാലുടന്‍ അതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.