കാസര്‍കോട്ട് സൂനാമി മോക്ഡ്രില്‍ എട്ടിന്

കാസര്‍കോട്: യുനെസ്കോയുടെ അന്തര്‍ദേശീയ സമുദ്രകാര്യ കമീഷന്‍ 23 രാജ്യങ്ങളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന സൂനാമി തയാറെടുപ്പ് പരിശീലനത്തിന്‍െറ ഭാഗമായി സെപ്റ്റംബര്‍ എട്ടിന് കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് മോക്ഡ്രില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു. രാവിലെ 11.30 മുതലാണ് മോക്ഡ്രില്‍. കലക്ടറുടെ ചേംബറില്‍ സൂനാമി തയാറെടുപ്പ് പരിശീലനത്തിനുള്ള നടപടികള്‍ക്ക് രൂപം നല്‍കുന്നതിന് യോഗം ചേര്‍ന്നു. എട്ടിന് പരിശീലനത്തിന്‍െറ ഭാഗമായി കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തീരത്തുനിന്ന് 100 മീറ്ററിനുള്ളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും വീടുകളില്‍നിന്ന് ഒഴിപ്പിക്കും. വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കുകയാണ് പരിശീലനത്തിന്‍െറ ലക്ഷ്യം. ദുരന്ത നിവാരണ അതോറിറ്റി, തീരദേശ പൊലീസ്, ദേശീയ ദുരന്ത പ്രതികരണ സംഘം, ആര്‍മി, അഗ്നിശമന രക്ഷാസേന, ലോക്കല്‍ പൊലീസ്, ആരോഗ്യ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മോക്ഡ്രില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം സബ്കലക്ടറുടെ മേല്‍നോട്ടത്തിലും പരിശീലന സ്ഥലത്തുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ യൂനിഫോം ഓഫിസര്‍മാരില്‍ ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്‍െറ നിയന്ത്രണത്തിലും നടത്തും. സംസ്ഥാന, ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളും വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളും എട്ടിന് വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കാസര്‍കോടിന് പുറമെ മോക്ഡ്രില്‍ നടത്തുന്നത്. സുരക്ഷിത കേരളത്തിനായുള്ള സൂനാമി തയാറെടുപ്പ് പരിശീലനവുമായി പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ സബ്കലക്ടര്‍ മൃണ്‍മയിജോഷി, എ.ഡി.എം കെ. അംബുജാക്ഷന്‍, തീരദേശ പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. സുധാകരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ എം.സി. വിമല്‍രാജ്, കാസര്‍കോട് തഹസില്‍ദാര്‍ ജയരാജ് വൈക്കത്ത്, ഹോസ്ദുര്‍ഗ് അഡീഷനല്‍ തഹസില്‍ദാര്‍ കെ. നാരായണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി എ.എന്‍. സനല്‍കുമാര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്‍റ് എഡിറ്റര്‍ എം. മധുസൂദനന്‍, അഗ്നിശമന രക്ഷാസേന അസി. ഓഫിസര്‍ പി.വി. അശോക, കാസര്‍കോട് മുന്‍സിപ്പാലിറ്റി പ്രതിനിധി ഇ. വിന്‍സന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.