കിനാനൂര്‍ കരിന്തളത്ത് സോളാര്‍ പാര്‍ക്ക് ഒരു വര്‍ഷത്തിനകം

കാസര്‍കോട്: കിനാനൂര്‍ കരിന്തളം വില്ളേജില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിനായി നിര്‍മിക്കുന്ന സോളാര്‍ പ്ളാന്‍റുകള്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. വൈദ്യുതി വിതരണത്തിനായി കരിന്തളത്ത് 220 കെ.വി സബ്സ്റ്റേഷനും സ്ഥാപിക്കും. കിനാനൂരിലും കരിന്തളത്തുമായി 68 ഹെക്ടര്‍ ചെങ്കല്‍പാറ പ്രദേശത്ത് മൂന്നിടത്തായാണ് സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. 35 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കരിന്തളത്ത് 34 ഹെക്ടറില്‍ രണ്ട് പ്ളാന്‍റുകളും കിനാനൂരില്‍ 34 ഹെക്ടറില്‍ ഒരു പ്ളാന്‍റുമാണ് നിര്‍മിക്കുന്നത്. സോളാര്‍ എനര്‍ജി കോര്‍പറേഷനും കെ.എസ്.ഇ.ബിയും സംയുക്തമായി രൂപവത്കരിച്ച റിന്യൂവല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍െറ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. പദ്ധതിക്കാവശ്യമായ ഭൂമി റവന്യൂ വകുപ്പ് കെ.എസ്.ഇ.ബിക്ക് കൈമാറിയതായി റിന്യൂവല്‍ പവര്‍ കോര്‍പറേഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അഗസ്റ്റിന്‍ തോമസ് പറഞ്ഞു. വെള്ളരിക്കുണ്ട് തഹസില്‍ദാറാണ് ഭൂമി കൈമാറിയത്. 30 വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയനുസരിച്ചാണ് കെ.എസ്.ഇ.ബി ഭൂമി ഏറ്റെടുത്തത്. കോര്‍പറേഷന്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വിലക്കുവാങ്ങി വിതരണം നടത്തും. ജില്ലയിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നതായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സൂചിപ്പിച്ചു. കിനാനൂര്‍ കരിന്തളത്തിന് പുറമെ ജില്ലയില്‍ അമ്പലത്തറ, പൈവളിഗെ, മീഞ്ച വില്ളേജുകളിലാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്. ഇവയില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. അമ്പലത്തറ വില്ളേജിലെ വെള്ളുടയില്‍ സ്ഥാപിച്ച പാര്‍ക്ക് മൂന്നു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. ഇവിടെ 250 ഏക്കറിലാണ് പ്ളാന്‍റ് സ്ഥാപിച്ചത്. ഇതുകൂടാതെ 220 ഏക്കറില്‍ ഉടന്‍ നിര്‍മാണമാരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT