ബി.ജെ.പി ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

ബദിയഡുക്ക: ബി.ജെ.പി ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ ഐത്തപ്പ കുലാല്‍, മുസ്ലിം ലീഗിലെ സിദ്ദീഖ് ഹാജി എന്നിവരാണ് വരണാധികാരിയായ മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുശേഷം ഇതുസംബന്ധിച്ച നടപടികള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രസിഡന്‍റിന്‍െറ ഏകാധിപത്യനിലപാടും അംഗങ്ങളെ വിശ്വാസത്തിലെടുക്കാത്തതുമാണ് നോട്ടീസില്‍ പറയുന്നത്. 17 അംഗങ്ങളുള്ള എന്‍മകജെയില്‍ ഏഴു ബി.ജെ.പി, ഏഴു യു.ഡി.എഫ്, മൂന്ന് എല്‍.ഡി.എഫ് എന്നിങ്ങനെയാണ് അംഗസംഖ്യ. ഭൂരിപക്ഷത്തിനായി എല്‍.ഡി.എഫുമായി അടുക്കാന്‍ ബി.ജെ.പി പല തന്ത്രവും മെനഞ്ഞെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി ഭരണത്തിലേറിയത്. ബി.ജെ.പിയിലെ രൂപവാണി ആര്‍. ഭട്ട് പ്രസിഡന്‍റും പുട്ടപ്പ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു. നാല് അംഗങ്ങളുള്ള വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ രണ്ട് അംഗം ലഭിച്ച എല്‍.ഡി.എഫ് വോട്ട് അസാധുവാക്കി ചെയര്‍മാന്‍ സ്ഥാനം വേണ്ടെന്നുവെച്ചത് ശ്രദ്ധേയമായിരുന്നു. വരാനിരിക്കുന്ന അവിശ്വാസപ്രമേയത്തില്‍ എല്‍.ഡി.എഫ് എന്തുനിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. നേരത്തേ, ഭരണത്തിലിരിക്കാന്‍ യു.ഡി.എഫ് പലരീതിയില്‍ ചരടുവലിച്ചെങ്കിലും എല്‍.ഡി.എഫ് കമ്മിറ്റി ചര്‍ച്ചചെയ്ത് വേണ്ടെന്നുവെക്കുകയായിരുന്നു. പിന്നീട്, പ്രസിഡന്‍റിന്‍െറ ഏകാധിപത്യ നിലപാടിനെതിരെയും യോഗം മിനിറ്റ്സ് കോപ്പി നല്‍കാത്തതും സംബന്ധിച്ച് ഭരണസമിതിക്കെതിരെ ശബ്ദിക്കാന്‍ യു.ഡി.എഫിനൊപ്പം എല്‍.ഡി.എഫ് അംഗങ്ങളും ഉണ്ടായിരുന്നു. വാര്‍ഡില്‍ നടന്ന അഭിപ്രായഭിന്നതകളും വാക്തര്‍ക്കങ്ങളും കാരണം യു.ഡി.എഫ് അംഗങ്ങളെ യോഗത്തില്‍നിന്ന് പ്രസിഡന്‍റ് സസ്പെന്‍ഡ് ചെയ്ത സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. ഇതിനുപിന്നാലെ പഞ്ചായത്ത് പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെ യു.ഡി.എഫ് അംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് അവിശ്വാസപ്രമേയ നോട്ടീസുമായി യു.ഡി.എഫ് രംഗത്തുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.