ആശുപത്രി നിയമനം: അയോഗ്യനായ ജീവനക്കാരനെ ഒഴിവാക്കി; പിരിച്ചുവിട്ടയാളെ തിരിച്ചെടുത്തു

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ യോഗ്യതയില്ലാതെ ജോലിയില്‍ കയറിയ സി.പി.എമ്മുകാരനെ പിരിച്ചുവിട്ടു. ഇയാള്‍ക്ക് ജോലി നല്‍കുന്നതിനുവേണ്ടി പിരിച്ചുവിട്ട ലാബ് ടെക്നീഷ്യനോട് ജോലിയില്‍ ഹാജരാകാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് നിര്‍ദേശം നല്‍കി. മെഡിക്കല്‍ ലബോറട്ടറിയില്‍ ജോലി ചെയ്യാനുള്ള മിനിമം യോഗ്യത പോലുമില്ലാതെ ഇന്‍റര്‍വ്യൂവിന് ഹാജരാവുകയും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഇന്‍റര്‍വ്യൂ ബോര്‍ഡിലുള്ള ആള്‍ തന്നെ പറഞ്ഞത് സംബന്ധിച്ച വിവരം അന്വേഷണ പരിധിയിലാണ്. ഇതു സംബന്ധിച്ച് വിജിലന്‍സില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഈ വിവരം പുറത്തായതോടെയാണ് പയ്യന്നൂര്‍ സ്വദേശിയായ സി.പി.എമ്മുകാരനെ അന്വേഷണം വരുന്നതിനു മുമ്പ് തന്നെ പിരിച്ചുവിട്ടത്. അണങ്കൂര്‍ സ്വദേശി ബി.എ. ജാബിറിനാണ് ജോലി തിരിച്ച് കിട്ടിയത്. ബി.എസ്സി ലാബ് ടെക്നിഷ്യനാണ് ജാബിര്‍. പിരിച്ചുവിട്ട പയ്യന്നൂര്‍ സ്വദേശിക്ക് പാസാകാത്ത ഡിപ്ളോമ സര്‍ട്ടിഫിക്കറ്റാണുണ്ടായത്. എന്‍.ജി.ഒ യൂനിയന്‍ നേതാവായ പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം ജീവനക്കാരന്‍ പാര്‍ട്ടി നേതൃത്വത്തിന്‍െറ ആവശ്യപ്രകാരം സൂപ്രണ്ട്, ആര്‍.എം.ഒ, ലേ ഓഫിസര്‍ എന്നിവരറിയാതെ നടത്തിയ തട്ടിപ്പാണ് യോഗ്യതയില്ലാത്തയാള്‍ ലാബില്‍ ജോലിക്ക് കയറിയതിന് കാരണമെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ലാബ് റിപ്പോര്‍ട്ട് തയാറാക്കാന്‍ പോലും അറിയാത്ത സ്ഥിതി ശ്രദ്ധയില്‍പെട്ടതോടെയാണ് നിയമനം ലഭിച്ചയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും ഇല്ളെന്ന കാര്യം വ്യക്തമായത്. യോഗ്യത പരിശോധിക്കാന്‍ ലാബ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കാണണം എന്നാവശ്യപ്പെട്ടപ്പോള്‍ ആരോഗ്യ മന്ത്രിയുടെ ബലത്തില്‍ അതിന്‍െറ ആവശ്യമില്ളെന്ന് യൂനിയന്‍ നേതാവ് ആജ്ഞാപിക്കുകയായിരുന്നുവത്രേ. നിയമനം ലഭിച്ചയാളോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ നാലുപേര്‍ക്ക് സ്ഥലം മാറ്റം വാങ്ങിതരും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയത്രേ. ഇവിടെ തന്നെ ജോലി ചെയ്യണമെന്ന് തങ്ങള്‍ക്ക ് താല്‍പര്യമില്ളെന്ന് നേതാവിനോട് മറുപടി പറഞ്ഞതോടെ ഭീഷണിയുടെ രീതിമാറുകയും നിയമനം ലഭിച്ചയാള്‍ പാവപ്പെട്ടവനാണെന്നും വെറുതെ വിടണമെന്നും പറഞ്ഞു. റിപ്പോര്‍ട്ടെഴുതാന്‍ അറിയാത്തയാള്‍ ലാബിലുണ്ടായാല്‍ രോഗികള്‍ക്കുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും ആശുപത്രിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് ഇയാളെ ഒഴിവാക്കണമെന്ന് ലാബ് അധികൃതര്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടത്. സൂപ്രണ്ടും ആര്‍.എം.ഒയും സത്യം മറച്ചുവെച്ച് നിയമനം നല്‍കിയതില്‍ ക്ഷുഭിതരാണ്. തുടര്‍ന്നാണ് ഒരു ദിവസം പോലും ജോലി തുടരാന്‍ അനുവദിക്കാതെ പിരിച്ചുവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.