തുറമുഖ വകുപ്പിന്‍െറ കടവുകളിലെ മണലെടുപ്പ് നിരോധം നീക്കി

കാസര്‍കോട്: അനധികൃത മണലെടുപ്പ് കര്‍ശനമായി തടയുമെന്ന ഉറപ്പില്‍ ജില്ലയിലെ തുറമുഖ വകുപ്പിന് കീഴിലുള്ള കടവുകളില്‍നിന്ന് മണലെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ലാ കലക്ടര്‍ പിന്‍വലിച്ചു. ജനപ്രതിനിധികളുടെയും തുറമുഖ കടവുകളിലെ സൊസൈറ്റി, ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും റവന്യൂ, പൊലീസ,് തുറമുഖ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പിന് കീഴിലുള്ള കടവുകളില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചു. കരയിടിച്ചുള്ള അനധികൃത മണലെടുപ്പ് കര്‍ശനമായി തടയും. മണല്‍ ബുക്കിങ് സുതാര്യമല്ളെന്ന പരാതി പരിഗണിച്ച് ബുക് ചെയ്തവരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. അനുവദിച്ച പാസില്‍ കൂടുതല്‍ ലോഡ് കടത്തിയാല്‍ ബന്ധപ്പെട്ട സൊസൈറ്റികള്‍ക്കെതിരെ നടപടി സ്വീകരിക്കും. പ്രാദേശിക തലത്തില്‍ കടവുകളുടെ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമായി. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്‍റ്, തഹസില്‍ദാര്‍, സി.ഐ, സൊസൈറ്റി പ്രതിനിധി, പോര്‍ട്ട് ഓഫിസ് പ്രതിനിധി തുടങ്ങിയവരുള്‍പ്പെട്ട കമ്മിറ്റിയെ ഓരോ കടവിലും നിയോഗിക്കും. രണ്ട് മാസത്തിലൊരിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കലക്ടറെ അറിയിക്കും. 12 തുറമുഖ കടവുകളാണ് ജില്ലയിലുള്ളത്. പ്രതിമാസം 6250 ലോഡ് മണലാണ് അനുവദിക്കുന്നത്. യോഗത്തില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍, പോര്‍ട്ട് ഓഫിസര്‍, കുമ്പള പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പുണ്ഡരീകാക്ഷ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.വി. പ്രമീള, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, നീലേശ്വരം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍, കുമ്പള സി.ഐ വി. മനോജ്, കാസര്‍കോട് സി.ഐ അബ്ദുറഹീം, തഹസില്‍ദാര്‍മാരായ എ.കെ. രമേന്ദ്രന്‍ (ഹോസ്ദുര്‍ഗ്), വി. സൂര്യനാരായണന്‍ (മഞ്ചേശ്വരം), തഹസില്‍ദാര്‍ ജയരാജ് വൈക്കത്ത് (കാസര്‍കോട്), അഡീഷനല്‍ തഹസില്‍ദാര്‍ പി. കുഞ്ഞികൃഷ്ണന്‍. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്സി. എന്‍ജിനീയര്‍ വിജി കെ. തട്ടേപ്പുറം, സംഘടനാ പ്രതിനിധികളായ പി.ജി. ദേവ്, മുനമ്പത്ത് ഗോവിന്ദന്‍, കെ.പി. മുഹമ്മദ് അഷ്റഫ്, ഹനീഫ നെല്ലിക്കുന്ന്, വി. പദ്മനാഭന്‍, വി.വി. ഭാസ്കരന്‍, വി.വി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.