കാസര്‍കോട്: തെരുവുനായ് പ്രജനനം കുറക്കുന്നതിന് തദ്ദേശ സ്വയംഭരണ-മൃഗസംരക്ഷണ വകുപ്പുകള്‍ ആസൂത്രണം ചെയ്ത സമഗ്ര പേ വിഷബാധ (എ.ബി.സി) പദ്ധതിയുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിക്കുന്നില്ല. ജില്ലയിലെ 10,000 തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ തുടക്കമിട്ടതാണ് പദ്ധതി. ഇപ്പോള്‍ 454 തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തി. ആഗസ്റ്റ് മാസം12 ദിവസവും സെപ്റ്റംബര്‍ മാസം 15 ദിവസവും നടപ്പുമാസം 15 ദിവസവുമാണ് വന്ധ്യംകരണം നടന്നത്. ആകെ 42 ദിവസമാണ് വന്ധ്യംകരണ പ്രവൃത്തി നടന്നത്. ബ്ളോക് തലത്തില്‍ കാസര്‍കോട് മാത്രമാണ് പദ്ധതി നടന്നത്. അഞ്ചു ബ്ളോക്കുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരും ബംഗളൂരു ആസ്ഥാനമായ സന്നദ്ധ സംഘടനകളും രംഗത്തു സജീവമാണെങ്കിലും പഞ്ചായത്ത്, ബ്ളോക്, നഗരസഭകള്‍ വേണ്ടത്ര വേഗത കാണിക്കുന്നില്ല. വന്ധ്യംകരണത്തിനാവശ്യമായ സ്ഥലവും കെട്ടിടവും താല്‍ക്കാലികമായി അതാത് ബ്ളോക് പഞ്ചായത്തുകളും നഗരസഭകളും അനുവദിക്കണം. രണ്ടു ലക്ഷം രൂപയാണ് ഒരു തദ്ദേശ സ്ഥാപനം ഈ പദ്ധതിയിലേക്ക് നല്‍കേണ്ടത്. ജില്ലാ പഞ്ചായത്ത് വഴിയാണ് ഈ തുക തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണ്ടേത്. അക്കാര്യത്തില്‍ തന്നെ വീഴ്ച വരുത്തിയ സ്ഥാപനങ്ങളുണ്ട്. നാടാകെ തെരുവുനായ്ക്കള്‍ മനുഷ്യനെ വേട്ടയാടികൊണ്ടിരിക്കുമ്പോള്‍ നിയന്ത്രിക്കാന്‍ ബാധ്യതപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുഖം തിരിക്കുന്നുവെന്നാണ് മൃഗസംരക്ഷണ വിഭാഗം പറയുന്നത്. താല്‍ക്കാലിക സംവിധാനമെന്ന നിലക്കാണ് സ്ഥല സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, അതുപോലും നല്‍കുന്നതിന് ഭരണസമിതികള്‍ താല്‍പര്യം കാണിക്കുന്നില്ളെന്ന പരാതി ശക്തമാണ്. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്നു നഗരസഭയിലുമായി പതിനായിരം തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. ഒരു ബ്ളോക്കില്‍ ഒരു മൃഗാശുപത്രിയെ വന്ധ്യംകരണ പദ്ധതിക്ക് ഏര്‍പ്പെടുത്തണം. വന്ധ്യംകരിച്ച നായ്ക്കളെ പാര്‍പ്പിക്കുന്നതിനാണ് സ്ഥല സൗകര്യം ആവശ്യപ്പെടുന്നത്. നായ്ക്കളെ പിടികൂടുന്നതിന് ബംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെ കാസര്‍കോട് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു തെരുവുനായ്ക്ക് 1450 രൂപ പ്രതിഫലം നല്‍കികൊണ്ടാണ് ഇവയെ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.