തൃക്കരിപ്പൂര്‍ മണ്ഡലം: ഭൂരിപക്ഷം കൂട്ടിയത് കയ്യൂരും പിലിക്കോടും

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.രാജഗോപാലന്‍െറ ഭൂരിപക്ഷം ഇരട്ടിയാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് കയ്യൂര്‍ ചീമേനി, പിലിക്കോട് ഗ്രാമപഞ്ചായത്തുകള്‍. അതേസമയം തൃക്കരിപ്പൂര്‍, ഈസ്റ്റ്് എളേരി പഞ്ചായത്തുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. കുഞ്ഞിക്കണ്ണന് പിന്തുണയേകി. യു.ഡി.എഫ് ഭരിക്കുന്ന പടന്ന, വലിയപറമ്പ് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഒപ്പത്തിനൊപ്പം എത്തി. പടന്നയില്‍ 171 വോട്ടിന്‍െറയും വലിയപറമ്പില്‍ 17 വോട്ടിന്‍െറയും ഭൂരിപക്ഷമാണ് കുഞ്ഞിക്കണ്ണന് നേടാനായത്. എല്‍.ഡി.എഫ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് പിലിക്കോട് പഞ്ചായത്തില്‍(12841) നിന്നാണ്. വലിയപറമ്പില്‍ നിന്നാണ് (3928) അവരുടെ കുറഞ്ഞ നേട്ടം. തൃക്കരിപ്പൂരില്‍ യു.ഡി.എഫ് 12483 വോട്ടുകള്‍ നേടിയപ്പോള്‍, കുറഞ്ഞ വോട്ടു വിഹിതം, 3350 പിലിക്കോട് പഞ്ചായത്തില്‍ നിന്നാണ്. ബി.ജെ.പിക്ക് ആകെ ലഭിച്ച 10767 വോട്ടില്‍ ഏറ്റവും കൂടുതല്‍ നീലേശ്വരം നഗരസഭയില്‍ നിന്നാണ് (2856). അവരുടെ ശുഷ്ക സാന്നിധ്യം സ്ഥാനാര്‍ഥിയുടെ നാടായ വലിയപറമ്പിലാണ് ((434). ജനകീയ ജനാധിപത്യമുന്നണിയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും 3789 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രമാണ് ഈസ്റ്റ് എളേരിയില്‍ യു.ഡി.എഫിന് ലഭിച്ചത്. ഇവിടെ ചുരുങ്ങിയത് 6000 വോട്ടിന്‍െറ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ വോട്ടു(908) ലഭിച്ച ബൂത്ത്(നമ്പര്‍ 150) തൃക്കരിപ്പൂര്‍ ഗവ. ഹൈസ്കൂളിലാണ്. എന്നാല്‍ ഇടതുമുന്നണിയുടെ മികച്ച പ്രകടനം 1345 വോട്ട് 28ാം ബൂത്തായ കയ്യൂര്‍ വി.എച്ച്.എസിലാണ്. ഏഴു ബൂത്തുകളില്‍ എല്‍.ഡി.എഫ് വോട്ടുകള്‍ നാലക്കം കവിഞ്ഞപ്പോള്‍ ഒരിടത്തുപോലും യു.ഡി.എഫ് നാലക്കം തൊട്ടില്ല. നീലേശ്വരം നഗരസഭക്ക് പുറമേ വെസ്റ്റ് എളേരി, പിലിക്കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ്, ബി.ജെ.പിയുടെ വോട്ടുകള്‍ നാലക്കം കടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.