ജില്ലയില്‍ ആവേശക്കലാശം

കാസര്‍കോട്: രണ്ടരമാസമായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ വീറും വാശിയും ആവേശവും നിറച്ചുള്ള കൊട്ടിക്കലാശമാണ് ജില്ലയില്‍ നടന്നത്. ബാന്‍റ് വാദ്യങ്ങളുടെയും താളമേളങ്ങളുടെയും ആഘോഷത്തിലായിരുന്നു ഉച്ച മുതലേ നഗരം. കൊട്ടിക്കലാശത്തിന് മുന്നോടിയായി നഗരത്തില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി ഡോ. എ.എ. അമീന്‍െറ പ്രചാരണാര്‍ഥം നഗരത്തില്‍ റോഡ് ഷോ നടന്നു. നായന്മാര്‍മൂലയില്‍നിന്ന് ആരംഭിച്ച റോഡ് ഷോ നുള്ളിപാടിയില്‍ കലാശിച്ചു. കാസര്‍കോട് നഗരത്തില്‍ നടന്ന കൊട്ടിക്കലാശത്തിന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, സിജി മാത്യു, എം.കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍, അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, ഡോ. എ.എ. അമീന്‍, എം. അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്നിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം പുതിയ ബസ്സ്റ്റാന്‍ഡില്‍ നടന്നു. മൂന്നരയോടെ യുവജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും പുതിയ ബസ്സ്റ്റാന്‍ഡിലെ വേദിക്കരികിലത്തെി. പിന്നീട് നഗരം ചുറ്റി മോട്ടോര്‍ബൈക്കുകളുടെ അകമ്പടിയോടെ റോഡ് ഷോയും നടന്നു. റോഡ് ഷോക്ക് സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്ന്, എസ്.ടി.യു അബ്ദുറഹ്മാന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. നീലകണ്ഠന്‍, സജി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.ഡി.എ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം മുള്ളേരിയയിലാണ് നടന്നത്. മുള്ളേരിയ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍നിന്ന് നഗരത്തിലേക്ക് റോഡ് ഷോ നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ബി.ജെ.പി മുള്ളേരിയ പഞ്ചായത്ത് പ്രസിഡന്‍റ് ചന്തു മാസ്റ്റര്‍, അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. കെ. വിജയന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് സുധാമ ഗോഡാസ, ദേശീയസമിതി അംഗം എന്‍. സഞ്ജീവ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്‍റ് കെ. ശ്രീകൃഷ്ണഭട്ട്, സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ഉഡുപ്പി എം.പി. ശോഭാകരന്തലാജെ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്: മുന്നണികള്‍ നഗരത്തില്‍ നടത്തിയ റാലികള്‍ ആവേശഭരിതമായി. എല്‍.ഡി.എഫ്, യു.ഡി.എഫ് റാലികള്‍ ഒരേസമയം നഗരത്തിലത്തെിയത് ചെറിയതോതില്‍ തര്‍ക്കത്തിനും സംഘര്‍ഷാവസ്ഥക്കും കാരണമായി. നോര്‍ത് കോട്ടച്ചേരിയില്‍ നിന്നാരംഭിച്ച എല്‍.ഡി. എഫ് റാലിയും പുതിയകോട്ടയില്‍ നിന്നാരംഭിച്ച യു.ഡി.എഫ് റാലിയും കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്ത് മുഖാമുഖം എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും പിടിവലിയും ഉണ്ടായത്. പൊലീസും നേതാക്കളും ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയായിരുന്നു. റാലിയുടെ സമാപനത്തിനിടെ അതിഞ്ഞാലിലും സംഘര്‍ഷമുണ്ടായി. കൊട്ടിക്കലാശ റാലികള്‍ നഗരത്തില്‍ ഏറെ നേരം ഗതാഗത തടസ്സത്തിനും കാരണമായി. എല്‍.ഡി.എഫ് പ്രകടനം നോര്‍ത് കോട്ടച്ചേരിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്നാണ് തുടങ്ങിയത്. ചുവപ്പ് വളന്‍റിയര്‍മാരുടെയും വനിതാ ബാന്‍ഡ് സംഘത്തിന്‍െറ അകമ്പടിയോടെ ചുവപ്പു മാലയണിഞ്ഞ സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരനും നേതാക്കളും പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായി നടന്നുനീങ്ങുകയായിരുന്നു. ബൈക്ക് റാലിയുമുണ്ടായി. എ.കെ. നാരായണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി.കൃഷ്ണന്‍, എം. പൊക്ളന്‍, പി. നാരായണന്‍, പി. അപ്പുക്കുട്ടന്‍, കാറ്റാടിമാരന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി. രാജു, ജ്യോതി ബസു, ഹംസ മാസ്റ്റര്‍, അഡ്വ. സി.വി. ദാമോദരന്‍, പി.കെ. നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ധന്യ സുരേഷിനെ തുറന്ന ജീപ്പില്‍ ആനയിച്ചുള്ള പ്രകടനം പുതിയ കോട്ടയില്‍ നിന്നാണ് ആരംഭിച്ചത്. കൂറ്റന്‍ പതാകകളേന്തി ബൈക്കുകളിലും കാല്‍നടയായും പ്രവര്‍ത്തകര്‍ അനുഗമിച്ചു. പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഡ്വ. എം.സി. ജോസ്, എ.വി. രാമകൃഷ്ണന്‍, സി. മുഹമ്മദ് കുഞ്ഞി, എം. കുഞ്ഞികൃഷ്ണന്‍, ബി. സുകുമാരന്‍, എം. അസിനാര്‍, എം.പി. ജാഫര്‍, കെ. മുഹമ്മദ് കുഞ്ഞി, എം. ഇബ്രാഹിം, കുഞ്ഞാഹമ്മദ് പുഞ്ചാവി, പി.വി. സുരേഷ്, എം. അസൈനാര്‍, ബി.പി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അതിഞ്ഞാല്‍ തെക്കേപ്പുറത്ത് സമാപിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.പി. രാഘവനും തുറന്ന ജീപ്പിലാണ് പ്രചാരണ കലാശറാലിക്കു മുന്നില്‍ സഞ്ചരിച്ചത്. എ. വേലായുധന്‍, ഗണേഷ് പാറക്കട്ട, പി.ടി. ലാലു, ഇ. കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയകോട്ട ബി.ജെ.പി ഓഫിസ് പരിസരത്തുനിന്ന് തുടങ്ങി കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്ള്‍ ചുറ്റി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നിലാണ് സമാപിച്ചത്. നീലേശ്വരം: നീലേശ്വരത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം കൊട്ടിക്കയറി. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ നേതൃത്വത്തിലാണ് കൊട്ടിക്കലാശം. മൂന്ന് മുന്നണികളുടെ നേതൃത്വത്തിലുള്ള പ്രകടനം കോണ്‍വെന്‍റ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. എല്‍.ഡി.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എം. രാജഗോപാലന്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു. പി. കരുണാകരന്‍ എം.പി, കെ. ബാലകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യു.ഡി.എഫ് പ്രകടനത്തിന് എം. രാധാകൃഷ്ണന്‍നായര്‍, റഫീഖ് കോട്ടപ്പുറം എന്നിവരും ബി.ജെ.പി പ്രകടനത്തിന് പി.വി. രാധാകൃഷ്ണന്‍, എം. രാധാകൃഷ്ണന്‍ എന്നിവരും നേതൃത്വം നല്‍കി. നീലേശ്വരം എസ്.ഐ പി. നാരായണന്‍െറ നേതൃത്വത്തില്‍ കേന്ദ്രസേനയടക്കം വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ ഇരു മുന്നണികളും കൊട്ടിക്കലാശം ആവേശഭരിതമാക്കി. മുന്നണികള്‍ക്ക് വ്യത്യസ്ത ഇടങ്ങള്‍ പൊലീസ് നിശ്ചയിച്ചു നല്‍കിയിരുന്നു. പൊലീസിന് പുറമെ ബി.എസ്.എഫ് ജവാന്മാരെയും വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിരുന്നു. യു.ഡി.എഫ് പ്രകടനം ബസ്സ്റ്റാന്‍ഡ് പരിസരത്താണ് നടന്നത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ വികസന നേട്ടങ്ങള്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടന്ന വികസന വിവേചനത്തെക്കുറിച്ചാണ് യൂത്ത് ലീഗ് നേതാവ് ടി.എസ്. നജീബ് അക്കമിട്ടു നിരത്തിയത്. തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് പരിസരത്താണ് ബി.ജെ.പിക്ക് സ്ഥാനം നിര്‍ണയിച്ചത്. പേക്കടം മാരാര്‍ജി മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം ഇവിടെ സമാപിച്ചു. ബി.ഡി.ജെ.എസ് നേതാക്കളും സംബന്ധിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലൈഫ് കെയര്‍ ആശുപത്രി പരിസരത്താണ് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്. ബീരിച്ചേരിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബാന്‍ഡ്മേളം അകമ്പടിയായി. എസ്.ഡി.പി.ഐ പ്രകടനം തൃക്കരിപ്പൂര്‍ സി.പി.എം ഓഫിസ് പരിസരത്ത് സമാപിച്ചു. കുമ്പള: യു.ഡി.എഫ് പ്രകടനമാണ് കുമ്പളയില്‍ ആദ്യം എത്തിയത്. പിന്നീട് എല്‍.ഡി.എഫ് പ്രവര്‍ത്തകരും കൂടി എത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ കലരാതിരിക്കാന്‍ കുമ്പള സി.ഐ അബ്ദുല്‍ മുനീറിന്‍െറ നേതൃത്വത്തില്‍ പൊലീസും അതിര്‍ത്തിരക്ഷാസേനയും കൂടി ടൗണ്‍ സര്‍ക്ളിനടുത്ത് അതിര്‍ത്തികള്‍ തീര്‍ത്തു. അഞ്ചുമണി വരെ ഇരു വിഭാഗവും പാട്ടുകളും മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. അഞ്ചുമണി കഴിഞ്ഞ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച്. കുഞ്ഞമ്പു എത്തിയതോടെ ആവേശത്തോടെ അണികള്‍ സ്വീകരിച്ചു.തുടര്‍ന്ന് വി.പി.പി. മുസ്തഫ, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയ നേതാക്കള്‍ വാഹനത്തില്‍ കയറിനിന്ന് അണികളെ സംബോധന ചെയ്തു. കാന്തപുരം ഉള്‍പ്പെടെയുള്ള സംഘടനാ നേതാക്കളുടെ പിന്തുണയുള്ളതായി അദ്ദേഹം അവകാശപ്പെട്ടു.സി.എച്ച്. കുഞ്ഞമ്പുവിനെ തോളിലേറ്റിയ പ്രവര്‍ത്തകര്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തി ഭേദിക്കുമെന്ന തോന്നലുണ്ടായതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇളകിമറിഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയോടൊപ്പം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി. അബ്ദുല്‍ റസാഖിന്‍െറ സഹോദരന്‍ പി.ബി. അഹ്മദും കൂടി ഉണ്ടായതാണ് യു.ഡി.എഫ് അണികളെ പ്രകോപിപ്പിച്ചത്. ഇരുകൂട്ടരും മുദ്രാവാക്യങ്ങളോടെ മുഖത്തോട് മുഖം അടുത്തെങ്കിലും പൊലീസിന്‍െറയും നേതാക്കളുടെയും അവസരോചിത ഇടപെടലുകള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.