കാസര്‍കോട്: ഒറ്റപ്പെടലും അവഗണനയും നേരിട്ടിരുന്ന സംസ്ഥാനത്തെ ചെറുതും വലുതുമായ കേബ്ള്‍ സംവിധാനത്തിന് ബൃഹത്തായ ശൃംഖല സൃഷ്ടിച്ച് കേബ്ള്‍ ഓപറേറ്റര്‍മാര്‍ക്ക് മേല്‍വിലാസമുണ്ടാക്കിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം നിര്യാതനായ എന്‍.എച്ച്. അന്‍വര്‍. കേബ്ള്‍ ടി.വി വ്യവസായത്തെ ഉന്നതിയിലത്തെിക്കുന്നതിന് ഓടിനടന്ന കരുത്തനായ അമരക്കാരന്‍ വിടവാങ്ങുമ്പോള്‍ ഈ മേഖലക്ക് അത് വലിയ ആഘാതമായി മാറുകയാണ്. കുത്തകകളുടെയും വൈദ്യതി വകുപ്പിന്‍െറയും ഭീഷണികള്‍ക്കിടയില്‍ പതറിപ്പോയ കേബ്ള്‍ വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ മുന്നില്‍നിന്ന് പടനയിച്ച പോരാളിയായിരുന്നു നാസര്‍ ഹസന്‍ അന്‍വര്‍. വെല്ലുവിളികള്‍ ഓരോന്നായി മുന്നില്‍ പ്രത്യക്ഷപ്പെട്ട് പത്തിവിടര്‍ത്തിയപ്പോഴും കേബ്ള്‍ ഓപറേറ്റര്‍മാര്‍ക്ക് കൂട്ടായ്മയുടെ പുതിയ പാഠം പകര്‍ന്നു നല്‍കി. ഏഷ്യാനെറ്റിനെ പോലുള്ള വന്‍കിട കമ്പനികള്‍ പേ ചാനലുകളുടെ നിരക്കുയര്‍ത്തി ഭീഷണിപ്പെടുത്തിയപ്പോഴും അധികഭാരം അടിച്ചേല്‍പിച്ച് വൈദ്യുതി വകുപ്പ് ദ്രോഹിച്ചപ്പോഴുമെല്ലാം ധീരമായി ശബ്ദമുയര്‍ത്തി. പ്രദേശിക ചാനലുകളാണ് ഒരു നാടിന്‍െറ കരുത്തും ശബ്ദവുമെന്ന് തിരിച്ചറിഞ്ഞ അന്‍വര്‍ അതിനെ വളര്‍ത്തിയെടുക്കാനായി പ്രവര്‍ത്തിച്ചു. കേരള വിഷനും കെ.സി.എന്‍ ചാനലും സി.സി.എന്നുമെല്ലാം നേടിയ വിജയത്തിന് പിന്നില്‍ നാസര്‍ ഹസന്‍െറ ദീര്‍ഘദൃഷ്ടിയായിരുന്നു. പുതിയ പദ്ധതികളും ആശയങ്ങളുമെല്ലാം ഓരോന്നായി വിജയം കണ്ടപ്പോള്‍ അതുവഴി നൂറുകണക്കിന് ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. കേബ്ള്‍ ടി.വി രംഗത്തു മാത്രമല്ല, കൈവെച്ച മേഖലകളിലെല്ലാം വിജയിക്കാനായി. കുറച്ചുകാലമായി അസുഖബാധിതനായിരുന്നുവെങ്കിലും ഒൗദ്യോഗിക കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. മൃതദേഹം പ്രസ്ക്ളബില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനത്തെിയത്. പ്രസ്ക്ളബിന് വേണ്ടി പ്രസിഡന്‍റ് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസിനു വേണ്ടി ബ്യൂറോ ഇന്‍ ചാര്‍ജ് ഷഫീഖ് നസറുല്ല എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സ്കിന്നേഴ്സ് കാസര്‍കോടും കാസര്‍കോട് ഗവ. കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയും അന്ത്യോപചാരം അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.