പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കും -കലക്ടര്‍

കാസര്‍കോട്: വോട്ടെടുപ്പ് ദിവസം പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഇതുസംബന്ധിച്ചുള്ള നടപടികള്‍ അവലോകനം ചെയ്തു. അഞ്ച് മണ്ഡലങ്ങളിലും ശിശുസംരക്ഷണ ഉദ്യോഗസ്ഥരെ കോഓഡിനേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടമുണ്ടാകും. മൂന്ന് പോളിങ് സ്റ്റേഷനില്‍ ഒരു വെല്‍ഫെയര്‍ ഓഫിസറെ വീതം നിയമിക്കും. തെരഞ്ഞെടുപ്പ് ദിവസവും തൊട്ട് മുമ്പുള്ള ദിവസവും എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ പോളിങ് സ്റ്റേഷനുകളില്‍ വീല്‍ചെയര്‍ ലഭ്യമാക്കും. പോളിങ് സ്റ്റേഷനുകളെ അംഗപരിമിത സൗഹൃദമാക്കും. പോളിങ് സ്റ്റേഷനുകളില്‍ ടോയ്ലറ്റ് സൗകര്യമൊരുക്കും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും ഒ.ആര്‍.എസ്, പാരാസെറ്റമോള്‍ തുടങ്ങിയവ ലഭ്യമാക്കും. പോളിങ് ദിവസം മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നതിനാണിത്. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍.പി. മഹാദേവ കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ഡീന ഭരതന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.സി. വിമല്‍രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ (എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍) കെ. അംബുജാക്ഷന്‍, ശിശുസംരക്ഷണ ഓഫിസര്‍മാരായ ജയന്തി പി. നായര്‍ (മഞ്ചേശ്വരം), ജിന്‍സി രാമകൃഷ്ണന്‍ (കാസര്‍കോട്), ഇ.കെ. രേഖ (ഉദുമ), ഡോ. ആന്‍ ഡാനി (കാഞ്ഞങ്ങാട്), ടി.എസ്. സുമ (തൃക്കരിപ്പൂര്‍), തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എം.വി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.