വരള്‍ച്ച: കുഴല്‍കിണറുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി

കാസര്‍കോട്: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലും വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. അഡീ. ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. 383 കുഴല്‍കിണറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും കുഴല്‍കിണര്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ നിര്‍മിക്കുന്നതിനും ഭൂജല വകുപ്പും ഗ്രാമപഞ്ചായത്തുകളും നടപടി സ്വീകരിക്കും. അഞ്ച് റിഗുകള്‍ ജില്ലയില്‍ എത്തിക്കും. ഓരോ വാര്‍ഡിലും ഒരു ഹാന്‍ഡ്പമ്പെങ്കിലും സ്ഥാപിക്കും. നിലവില്‍ റവന്യൂ ജീവനക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തുന്ന ടാങ്കര്‍ ലോറികളിലെ കുടിവെള്ള വിതരണം തുടരും. വരള്‍ച്ച കൂടുതല്‍ വ്യാപകമായാല്‍ അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കുടിവെള്ളം ലഭ്യമാക്കും.സ്വകാര്യവ്യക്തികളുടെ കുടിവെള്ള സ്രോതസ്സുകളെയും പ്രയോജനപ്പെടുത്തും. വോര്‍ക്കാടി പഞ്ചായത്തിലെ അരിങ്കുളം പദ്ധതി ജല അതോറിറ്റി പരിശോധന നടത്തി മഞ്ചേശ്വരം മേഖലയില്‍ ഉപയോഗിക്കും. കുളങ്ങള്‍ നവീകരിച്ചും കുടിവെള്ളം ലഭ്യമാക്കും. മറ്റിടങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ വരള്‍ച്ച രൂക്ഷമാണെന്ന് ബോധ്യപ്പെട്ടതായി അഡീഷനല്‍ ചീഫ് സെക്രട്ടറി പറഞ്ഞു. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ജില്ലയിലെ 38 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. കേരള വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. ശുദ്ധജലം ലഭ്യമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ എസ്. മധു, എ.ഡി.എം വി.പി. മുരളീധരന്‍, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട്, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി. മുഹമ്മദ് നിസാര്‍, സൂപ്രണ്ടിങ് ജിയോളജിസ്റ്റ് ജോസ് ജെയിംസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി.ടി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.