തണല്‍ മരങ്ങള്‍ മുറിച്ചു; ചൂടില്‍ വലഞ്ഞ് കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍

കാഞ്ഞങ്ങാട്: തണല്‍മരങ്ങള്‍ വ്യാപകമായി മുറിച്ചൊഴിവാക്കിയത് കാഞ്ഞങ്ങാട്ടെ വ്യാപാരമേഖലക്കും കനത്ത ആഘാതമാകുന്നു. കച്ചവടം പച്ചപിടിക്കേണ്ട മധ്യവേനലില്‍ കത്തുന്ന വെയിലും കൊടും ചൂടും കാരണം നഗരത്തില്‍ ജനസാന്നിധ്യം കുറഞ്ഞതാണ് വ്യാപാരികള്‍ക്ക് തിരിച്ചടിയായത്. കെ.എസ്.ടി.പി നടപ്പാക്കുന്ന റോഡ് വികസനത്തിന്‍െറ മറവില്‍ നഗരത്തില്‍ നോര്‍ത് കോട്ടച്ചേരി ഇക്ബാല്‍ ജങ്ഷന്‍ മുതല്‍ പുതിയകോട്ട വരെയുള്ള ഭാഗങ്ങളിലെ 50 ഓളം തണല്‍ മരങ്ങളാണ് മുറിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മറവുണ്ടാക്കുന്നുവെന്ന കാരണത്താല്‍ റോഡ് നവീകരണത്തെ ബാധിക്കാത്ത മരങ്ങള്‍ പോലും മുറിച്ചു നീക്കുകയായിരുന്നു. ഇത്തവണ വേനല്‍ച്ചൂട് പതിവിലധികം വര്‍ധിച്ചപ്പോഴാണ് ഇതിന്‍െറ പ്രത്യാഘാതം ബോധ്യപ്പെട്ടത്. അസഹ്യമായ വെയിലും ചൂടും കാരണം ആളുകള്‍ നഗരത്തിലിറങ്ങുന്നത് കുറഞ്ഞു. നഗരത്തിലത്തെുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലും വന്‍തോതില്‍ കുറവുണ്ടായി. പകല്‍ നേരത്ത് നഗരത്തിലേക്കുവരാന്‍ ആളുകള്‍ മടിക്കുന്ന സ്ഥിതിയാണ്. വസ്ത്ര, സ്റ്റേഷനറി വ്യാപാരികളെയും ഹോട്ടലുകളെയുമാണ് ഇത് ഏറെ ബാധിച്ചത്. ശീതള പാനീയക്കടകള്‍, പഴക്കടകള്‍, പച്ചക്കറിക്കടകള്‍, ഐസ്ക്രീം പാര്‍ലറുകള്‍ എന്നിവിടങ്ങളിലാണ് ചെറിയ തോതിലെങ്കിലും കച്ചവടം നടക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. യാത്രക്കാര്‍ കുറഞ്ഞതിനാല്‍ നഗരത്തിലിറങ്ങുന്ന ഓട്ടോ റിക്ഷകളുടെ എണ്ണത്തിലും കുറവുണ്ടായി. നഗരത്തിലെ മരങ്ങള്‍ മുറിച്ചതിന്‍െറ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കുന്നത് കച്ചവടക്കാരാണെന്ന് ബസ്സ്റ്റാന്‍ഡിന് സമീപത്തെ വസ്ത്ര വ്യാപാരി നിക്സണ്‍ പറയുന്നു. ഇപ്രാവശ്യം വിഷുവിന് പോലും ടൗണില്‍ ആളുണ്ടായില്ല, അത് കഴിഞ്ഞിട്ടും ഇല്ല. ഇപ്പോള്‍ സ്കൂള്‍ സീസണ്‍ അടുത്തിട്ടും കച്ചവടത്തിന് ഭയങ്കര മാന്ദ്യമാണ്-നിക്സണ്‍ അഭിപ്രായപ്പെട്ടു. രാവിലെ 11 മണിവരെയും വൈകീട്ട് അഞ്ചിന് ശേഷവുമാണ് വ്യാപാര സ്ഥാപനങ്ങളില്‍ അല്‍പമെങ്കിലും ചലനം അനുഭവപ്പെടുന്നതെന്ന് കോട്ടച്ചേരിയിലെ വ്യാപാരി നാരായണന്‍ പറഞ്ഞു. വിദൂര സ്ഥലങ്ങളില്‍നിന്ന് നഗരത്തിലേക്ക് ആളുകളത്തെുന്നത് തീരെ കുറഞ്ഞു. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ അതാതിടങ്ങളില്‍ നിന്നു തന്നെ വാങ്ങുകയാണ്. അത്യാവശ്യങ്ങള്‍ക്ക് നഗരത്തിലേക്ക് എത്തുന്നവര്‍ ആവശ്യം പരിഹരിച്ചയുടന്‍ സ്ഥലം വിടുകയാണ്. കൊടും വെയിലത്ത് തണലേകാന്‍ നഗരത്തില്‍ വെയിറ്റിങ് ഷെല്‍ട്ടറുകള്‍ പോലും വേണ്ടത്രയില്ലാത്തത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.