ആള്‍ബലവും വാഹനവുമില്ലാതെ അഗ്നിശമന സേന

കാഞ്ഞങ്ങാട്: ആളിക്കത്തുന്ന വെയിലില്‍ നാടാകെ തീപടരുമ്പോള്‍ കെടുത്താന്‍ മതിയായ അംഗബലവും വാഹന സൗകര്യവുമില്ലാതെ പാടുപെടുകയാണ് കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍െറ പരിധിയില്‍ 70 ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. 2016 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30വരെ 230 ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചതില്‍ ഭൂരിഭാഗവും തീയണക്കാന്‍ സഹായം തേടിയുള്ളതായിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രതി ദിനം ശരാശരി മൂന്ന് ഫോണ്‍ സന്ദേശമെങ്കിലും ലഭിക്കുന്നുണ്ടെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നു.കഴിഞ്ഞ ദിവസം കിഴക്കുംകര മണലില്‍ 30 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ തീപിടിച്ചത് അണക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്ക് മണിക്കൂറുകളോളം പാടുപെടേണ്ടിവന്നു. കഴിഞ്ഞ ദിവസം ചട്ടഞ്ചാലില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ട സ്ഥലത്ത് വന്‍തീപിടിത്തമുണ്ടായപ്പോഴും കാഞ്ഞങ്ങാട്ടെ ഫയര്‍ഫോഴ്സിന്‍െറ സേവനം വേണ്ടിവന്നു. 24 ഫയര്‍മാന്‍മാരും നാല് ലീഡിങ് ഫയര്‍മാന്‍മാരും ഏഴ് ഡ്രൈവര്‍മാരും ആവശ്യമുള്ള സ്റ്റേഷനില്‍ നാല് ഫയര്‍മാന്‍മാരും രണ്ട് ലീഡിങ് ഫയര്‍മാന്‍മാരും അഞ്ച് ഡ്രൈവര്‍മാരുമാണുള്ളത്. സ്റ്റേഷന്‍ ഓഫിസര്‍ പരിശീലനത്തിലായതിനാല്‍ അസി. സ്റ്റേഷന്‍ ഓഫിസര്‍ക്കാണ് ചുമതല. താരതമ്യേന ജോലിത്തിരക്ക് കുറഞ്ഞ ജില്ലയിലെ മറ്റ് ഫയര്‍ സ്റ്റേഷനുകളിലേക്ക് 12 ട്രെയിനികളെ അനുവദിച്ചപ്പോള്‍ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ മൂന്നുപേരെ മാത്രമാണ് ലഭിച്ചത്. രണ്ട് ഫയര്‍ എഞ്ചിനുകളും ഒരു ജീപ്പുമാണ് ഇവിടെയുള്ളത്. മിക്കപ്പോഴും കട്ടപ്പുറത്ത് കിടക്കുന്ന ഫയര്‍ എഞ്ചിനുകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്ക് കൊണ്ടുപോയിരിക്കുകയാണ്. പകരം കോഴിക്കോടുനിന്ന് കൊണ്ടുവന്ന പഴഞ്ചന്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. വേഗതയില്ലാത്തതിനാല്‍ തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായ സ്ഥലത്ത് ഓടിയത്തൊന്‍ ഏറെ നേരം വേണ്ടിവരുന്നു. ഇതുകാരണം പലപ്പോഴും പൊതുജനങ്ങളുടെ പഴിയും പ്രതിഷേധവും സഹിക്കേണ്ട സ്ഥിതിയാണ് ജീവനക്കാര്‍ക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT