മുഹമ്മദ് ഗുരുക്കള്‍ക്ക് എസ്.വൈ.എസിന്‍െറ ഭവന പദ്ധതി

ബദിയടുക്ക: നെല്ലിക്കട്ടയിലെ മുഹമ്മദ് ഗുരുക്കള്‍ക്ക് എസ്.വൈ.എസിന്‍െറ ഭവന പദ്ധതി. ഒരുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാനുള്ള ഒരുക്കത്തിലാണ് എസ്.വൈ.എസ് ജില്ലാ നേതൃത്വം. ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം പൊളിഞ്ഞുവീണ കുടിലിന് സമീപം ടാര്‍പോളിന്‍ ഷീറ്റിനു കീഴെ കഴിയുന്ന ഗുരുക്കളുടെ കഥ പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തയായിരുന്നു. കെ.സി.എന്‍ ചാനല്‍ വഴിയും മഊനത്തുല്‍ മസാകീന്‍ പ്രവര്‍ത്തകര്‍ വഴിയും നാട്ടുകാരില്‍ ചിലരുടെ ശ്രമഫലമായും 1.69 ലക്ഷം രൂപ പിരിഞ്ഞു കിട്ടുകയും അതുപയോഗിച്ച് താല്‍ക്കാലിക താമസത്തിന് ചെറിയൊരു ഷെഡ് പണിയുകയും ചെയ്തു. കുടുംബത്തിന്‍െറ ദയനീയ കഥയറിഞ്ഞ ജില്ലാ എസ്.വൈ.എസ് സാരഥികള്‍ വീട് നിര്‍മാണത്തിന് തുടര്‍പ്രവൃത്തികള്‍ പൂര്‍ണമായി ഏറ്റെടുക്കുകയായിരുന്നു. സൗദിയിലെ കാസര്‍കോട് ജില്ലക്കാരായ ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സാന്ത്വനം കാസര്‍കോടിന്‍െറ പൂര്‍ണ സഹകരണത്തോടെ വീട് നിര്‍മാണത്തിന് തുടക്കം കുറിച്ചു. പണിതീര്‍ത്ത് ഏപ്രില്‍ അവസാനം വീട് കൈമാറാനുള്ള ഒരുക്കത്തിലാണ് എസ്.വൈ.എസ് ജില്ലാ നേതൃത്വം. എസ്.വൈ.എസ് ജില്ലാ പ്രസിഡന്‍റ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ജനറല്‍ സെക്രട്ടറി എന്‍.പി. മുഹമ്മദ് സഖാഫി പാത്തൂര്‍, ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, വെല്‍ഫെയര്‍ സമിതി ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി, സെക്രട്ടറി നൗഷാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ ഭവനനിര്‍മാണത്തിന് നേതൃത്വം നല്‍കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.