പച്ചക്കറി വിപണി ഇനി ‘പൊള്ളില്ല’

കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിക്ക് വില കുറഞ്ഞത് സാധാരണക്കാരന് ആശ്വാസമായി. ജൈവ പച്ചക്കറിയും വീടുകളുടെ ടെറസിലുള്ള പച്ചക്കറി കൃഷിയും വ്യാപകമായതോടെയാണ് പച്ചക്കറിക്ക് വിപണിയില്‍ വിലകുറഞ്ഞത്. കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറികള്‍ യഥേഷ്ടം വിപണിയില്‍ എത്തുന്നുണ്ട്. ഒഴിച്ചുകൂടാനാവാത്ത തക്കാളിക്കും ഉള്ളിക്കും വില കുത്തനെ കുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. രണ്ട് മാസം മുമ്പ് കിലോക്ക് 25 രൂപയില്‍ കൂടുതല്‍ ഉണ്ടായിരുന്ന ഉള്ളിയുടെയും തക്കാളിയുടെയും വില നേര്‍പകുതിയായി. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ വിപണിയില്‍ തക്കാളിയുടെ വില 12 രൂപയായി. ഉള്ളിക്ക് 14 രൂപയാണ് 2വില. ബീന്‍സിന് 60 രൂപയില്‍നിന്ന് 44 ആയി കുറഞ്ഞു. മുരിങ്ങയുടെ വില 60ല്‍ നിന്ന് 40ഉം പാവക്കയുടെ വില 60ല്‍ നിന്നും 44മായി. അതേസമയം വേനല്‍ ചൂട് കൂടിയതോടെ ചെറുനാരങ്ങയുടെ വില കിലോക്ക് 40 രൂപയില്‍ നിന്ന് 84 രൂപയായി. വേനലില്‍ പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ചൂടിന് ആശ്വാസമായി തണ്ണിമത്തന്‍ വില്‍പന ഇരട്ടിയായതായി വ്യാപാരികള്‍ പറയുന്നു. കിലോക്ക് 20 രൂപയാണ് ഇതിന് വില. ജൈവ പച്ചക്കറി, ടെറസിലുമുള്ള കൃഷി എന്നിവക്ക് വിവിധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും പ്രോത്സാഹനം നല്‍കുന്നതും കീടനാശിനി കലര്‍ന്ന പച്ചക്കറികള്‍ വാങ്ങിക്കുന്നതില്‍നിന്ന് വീട്ടമ്മമാര്‍ ഒഴിഞ്ഞുനിന്നതുമാണ് പച്ചക്കറിക്ക് വില കുറയാന്‍ കാരണം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ പഞ്ചായത്തിന്‍െറയും ശ്രമഫലമായി വീട്ടിലും സ്കൂള്‍ കുട്ടികള്‍ മുഖേനയും ഇത്തവണ വ്യാപകമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തിരുന്നു. ഇത് വീടുകളിലും മറ്റും ജൈവകൃഷി വര്‍ധിക്കാന്‍ കാരണമായതായി ജില്ലാ കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.