പി. സ്മാരക സ്കൂളില്‍ വി.എച്ച്.എസ്.ഇ ക്ളാസ് പഴയ കെട്ടിടത്തില്‍തന്നെ

കാഞ്ഞങ്ങാട്: പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷം ഒന്നായെങ്കിലും മഹാകവി പി. സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ ക്ളാസ് ഇപ്പോഴും പഴയ കെട്ടിടത്തിലെ കുടുസ്സുമുറിയില്‍ തന്നെ. പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും നോക്കുകുത്തിയായി നില്‍ക്കുകയാണ്. 110 വര്‍ഷം പിന്നിട്ട സ്കൂള്‍ പരാധീനതകളാല്‍ വീര്‍പ്പുമുട്ടിയതോടെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നബാര്‍ഡിന്‍െറ സഹായത്തോടെ എല്‍.പി സ്കൂളിനടുത്ത് അയ്യപ്പഭജന മന്ദിരത്തിനരികില്‍ എല്‍.പി സ്കൂളിനും വി.എച്ച്.എസ്.ഇക്കും വേണ്ടി ഇരുനിലകെട്ടിടം പണിയുകയും ചെയ്തു. എം.പി ഫണ്ടില്‍നിന്ന് എല്‍.പി സ്കൂള്‍ കെട്ടിടത്തിന് 65 ലക്ഷവും വി.എച്ച്.എസ്.ഇക്ക് 68 ലക്ഷവും വകയിരുത്തിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് കെട്ടിടംപണി പൂര്‍ത്തീകരിച്ചത്. കെട്ടിടംപണി പൂര്‍ത്തിയായതിനുശേഷം കെട്ടിട ശിലാസ്ഥാപനം നിര്‍വഹിക്കുന്ന തമാശയും ഇതിനിടെ നാട്ടുകാര്‍ കണ്ടു. പണിപൂര്‍ത്തിയായ കെട്ടിടത്തില്‍ 2014ല്‍തന്നെ എല്‍.പി കുട്ടികള്‍ക്ക് ക്ളാസ് തുടങ്ങി. എന്നാല്‍, വി.എച്ച്.എസ്.ഇ വിഭാഗം ഒരുവര്‍ഷമായി അനാഥമാണ്. വയറിങ്, ഇലക്ട്രിഫിക്കേഷന്‍, ശുചിമുറി എന്നിവയുടെ പ്രവൃത്തി തീരാത്തതാണ് ക്ളാസ് നടത്താന്‍ കഴിയാത്തതിന് പിന്നിലെന്ന് വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ പറയുന്നു. ഈ പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്നു ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. ഇത് സിംഗ്ള്‍ ടെന്‍ഡര്‍ ആയിട്ടുണ്ടെന്നും അടുത്തുതന്നെ ഇലക്ട്രിഫിക്കേഷന്‍ തുടങ്ങുമെന്നും ജില്ലാപഞ്ചായത്ത് അധികൃതര്‍ പറയുന്നു. എം.എല്‍.എകൂടിയായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍െറ ഫണ്ടില്‍നിന്ന് നാലുലക്ഷം അടിസ്ഥാനകാര്യങ്ങള്‍ക്കായും സാധനങ്ങള്‍ വാങ്ങുന്നതിനായും അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യങ്ങള്‍ എങ്ങുമത്തൊത്ത അവസ്ഥയാണ്. പ്രവൃത്തികളുടെ വിശദാംശങ്ങള്‍ കലക്ടറുടെ പരിശോധനക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. പണി പൂര്‍ത്തിയാക്കി ഓണത്തിന് മുമ്പെങ്കിലും പുതിയ കെട്ടിടത്തിലേക്ക് ക്ളാസ് റൂം മാറ്റാനാകുമോയെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.