ചളിയങ്കോട് പാതയില്‍ ഗതാഗത തടസ്സം 10 ദിവസം തുടരുമെന്ന് ഉദ്യോഗസ്ഥര്‍

കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോട് പാലംവഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കാന്‍ ഇനിയും പത്ത് ദിവസത്തോളം കാത്തിരിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍. ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. നാട്ടുകാരുടെ എതിര്‍പ്പുള്ളതിനാല്‍ ചളിയങ്കോട് ഭാഗത്തെ മണ്ണിടിച്ചില്‍ തടയുന്നതിനുള്ള പാര്‍ശ്വഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയാകാതെ ഗതാഗതം പുന:സ്ഥാപിക്കാനാവില്ളെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പാര്‍ശ്വഭിത്തിയുടെ നിര്‍മാണം പത്തുദിവസത്തിനകം പൂര്‍ത്തീകരിക്കാനാവുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, റമദാന്‍ പ്രമാണിച്ച് ദേളി-മേല്‍പറമ്പ് റോഡിലുണ്ടാകുന്ന വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ ചളിയങ്കോട് വഴിയുള്ള സംസ്ഥാന പാതയുടെ ഒരുവശം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. വിദ്യാനഗറില്‍ പ്രവര്‍ത്തിച്ചിരുന്ന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫിസ് ഉപകേന്ദ്രം കാസര്‍കോട് പുന:സ്ഥാപിക്കണമെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പി.ബി. അബ്ദുറസാഖ് എം.എല്‍.എ പിന്തുണച്ചു. കാഞ്ഞങ്ങാടുള്ള ക്ഷേമനിധി ജില്ലാ ഓഫിസിലേക്ക് എത്തിച്ചേരാന്‍ പ്രയാസപ്പെടുന്ന പൈവളിഗെ, മീഞ്ച, വോര്‍ക്കാടി, ദേലംപാടി, മഞ്ചേശ്വരം, മംഗല്‍പാടി തുടങ്ങിയ പഞ്ചായത്തുകളിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് സഹായകമായിരുന്ന ഉപകേന്ദ്രം നിര്‍ത്തലാക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ അനുവദിച്ച റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനം വേണമെന്നും ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വകുപ്പ് മേധാവികള്‍ കര്‍ശനമായി പാലിക്കണമെന്നും എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. അച്ചാംതുരുത്തി-കോട്ടപ്പുറം പാലത്തിന്‍െറ നിര്‍മാണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പില്‍ താല്‍ക്കാലിക അധ്യാപകര്‍ക്ക് ശമ്പളം അനുവദിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ ആവശ്യപ്പെട്ടു. തകര്‍ന്ന പൊതുമരാമത്ത് റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കണമെന്നും കടലാക്രമണത്തെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവര്‍ക്കും ബന്ധുവീടുകളിലേക്ക് മാറിയവര്‍ക്കും സൗജന്യ റേഷന്‍ നല്‍കണമെന്നും എ.ഡി.എം വി.പി. മുരളീധരന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബി.ആര്‍.ഡി.സിയുടെ ബേക്കല്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നവീകരണ പ്രവൃത്തികളുടെ ഭാഗമായി കരിച്ചേരി പുഴയില്‍ കായക്കുന്നിലെ തടയണകളുടെ ഷട്ടര്‍ മാറ്റുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും കേരള ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം വി.പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം, നീലേശ്വരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.മുഹമ്മദ് റാഫി, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, ഡെപ്യൂട്ടി കലക്ടര്‍ കെ. അംബുജാക്ഷന്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.