കാസര്‍കോട്: അതിഞ്ഞാലില്‍ കാര്‍ സര്‍വിസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകനെ മലദ്വാരത്തില്‍ യന്ത്രമുപയോഗിച്ച് കാറ്റടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുറ്റക്കാരല്ളെന്നുകണ്ട് കോടതി വെറുതെ വിട്ടു. കാഞ്ഞങ്ങാട് കൊളവയല്‍ തായല്‍ ഹൗസില്‍ ഇബ്രാഹിം (42) മരിച്ച സംഭവത്തില്‍ പ്രതികളായ ബിഹാര്‍ സ്വദേശികളെയാണ് കാസര്‍കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി സാനു പണിക്കര്‍ വെറുതെവിട്ടത്. പ്രതികളായ രഞ്ജന്‍ കുമാര്‍, സോനു എന്ന സുനന്ദര്‍, പങ്കജ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സാധിച്ചില്ളെന്ന് വിധിന്യായത്തില്‍ കോടതി പ്രസ്താവിച്ചു. 2012 ഒക്ടോബര്‍19നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കെ.വി. അബ്ദുറഹിമാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള കാര്‍ വാഷിങ് സര്‍വിസ് സ്റ്റേഷനില്‍ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട ഇബ്രാഹിമും സഹപ്രവര്‍ത്തകരും. സംഭവ ദിവസം ഉച്ചക്ക് വെറുതെ ഇരിക്കുകയായിരുന്ന പ്രതികളോട് ഇബ്രാഹിം ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കലിപൂണ്ട മൂന്നുപേരും ചേര്‍ന്ന് സര്‍വിസ് സ്റ്റേഷനിലെ കംപ്രസീവ് എയര്‍പൈപ്പ് ഉപയോഗിച്ച് ഇബ്രാഹിമിന്‍െറ മലദ്വാരത്തില്‍ കാറ്റ് അടിച്ചുകയറ്റുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇബ്രാഹിം ഒക്ടോബര്‍ 26ന് മരിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ കുട്ടമത്തും പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ഇ. ലോഹിതാക്ഷന്‍, കെ. കുമാരന്‍ നായര്‍ എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.