ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംഘകൃഷിയുമായി കുടുംബശ്രീ

കാസര്‍കോട്: ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ജൈവകൃഷി പ്രോത്സാഹനത്തിനായി കുടുംബശ്രീ സംഘകൃഷി നടത്തും. മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനയുടെ രണ്ടാംഘട്ട പദ്ധതികളുടെ ഭാഗമായാണ് കുടുംബശ്രീ കര്‍ഷകത്തൊഴിലാളികളായ വനിതകളെ കാര്‍ഷിക സംരംഭകരാക്കി മാറ്റുന്നതിന് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 2012 ആഗസ്റ്റ് 20 മുതല്‍ 2015 ഡിസംബര്‍ 31വരെ പദ്ധതിപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. കാര്യശേഷി നൈപുണ്യ പരിശീലനങ്ങള്‍, കര്‍ഷകസഹായ കേന്ദ്രങ്ങള്‍, കാര്‍ഷിക ഉപകരണവിതരണം, സീഡ് ബാങ്കുകള്‍, സമ്മിശ്രകൃഷി, ജൈവകൃഷി തുടങ്ങിയ മേഖലയില്‍ ജില്ലയില്‍ 13,252 വനിതകള്‍ക്ക് ഈ കാലയളവില്‍ പരിശീലനം നല്‍കി. നെല്ല്, കിഴങ്ങുവര്‍ഗങ്ങള്‍, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കുടുംബശ്രീ സംഘകൃഷി 679.6 ഹെക്ടറില്‍ നെല്‍കൃഷിയും 568.3 ഹെക്ടറില്‍ പച്ചക്കറിയും 422.2 ഹെക്ടറില്‍ മറ്റു കൃഷികളും നടത്തി. രണ്ടാംഘട്ട പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ജില്ലാ മിഷന് അനുമതി ലഭിച്ചിട്ടുണ്ട്. വനിതാ കര്‍ഷകര്‍ക്ക് പരിശീലനം, സീഡ് ബാങ്ക്, മാതൃകാ കൃഷിത്തോട്ടങ്ങളുടെ രൂപവത്കരണം എന്നിവയും കാര്‍ഷിക മേഖലയില്‍ ജനകീയപങ്കാളിത്തം ഉറപ്പുവരുത്തി ജൈവകൃഷിയിലൂടെ ഭക്ഷ്യസുരക്ഷ നേടുന്നതിനുള്ള പദ്ധതിയും രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍െറ ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനയുടെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ആസൂത്രണ ശില്‍പശാലയുടെ ഉദ്ഘാടനം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. എം.കെ.എസ്.പി കണ്‍സല്‍ട്ടന്‍റ് പി.ഇ. സൈജു പദ്ധതി വിശദീകരിച്ചു. കോടോം ബേളൂര്‍ കൃഷി ഓഫിസര്‍ പി. വിഷ്ണു വിഷയാവതരണം നടത്തി. കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി യൂസഫ് സ്വാഗതവും കുടുംബശ്രീ മിഷന്‍ ബ്ളോക് കോഓഡിനേറ്റര്‍ രജനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.