കാസര്‍കോട്: ഉപയോഗിക്കാതെ കിടക്കുന്ന പാലികാ ഭവന്‍ നഗരസഭയുടെ ഓഫിസ് സമുച്ചയമാക്കാന്‍ ആലോചന. തീരുമാനം അടുത്ത നഗരസഭാ കൗണ്‍സിലു മുമ്പാകെ വെക്കുമെന്ന് നഗരസഭാ ഓഫിസ് അറിയിച്ചു. ‘കരാറുകാര്‍ക്ക് അറ്റകുറ്റപ്പണി നടത്തി കീശവീര്‍പ്പിക്കാന്‍ ‘പാലിക ഭവന്‍’ എന്ന തലക്കെട്ടില്‍ ജൂണ്‍ നാലിന് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി ബഹുനില കെട്ടിടം പണിതിട്ട്. അറ്റകുറ്റപ്പണി നടത്താന്‍ എസ്റ്റിമേറ്റ് തയാറാക്കി കരാറുകാരെ ഏല്‍പിക്കലാണ് പ്രധാനമായും ചെയ്യുന്നത്. ആവശ്യത്തിലധികം തുക എസ്റ്റിമേറ്റ് തയാറാക്കി മേമ്പൊടിക്ക് അറ്റകുറ്റപ്പണി നടത്തി ആര്‍ക്കും നല്‍കാതെ അടച്ചിടുകയായിരുന്നു. താഴത്തെ നിലയിലുള്ള വ്യാപാരികളുടെ പരാതിയില്‍ അറ്റകുറ്റപ്പണി നടത്തുകയെന്ന ‘വ്യാപാരം’ നടത്തുകമാത്രമാണ് പാലികാ ഭവനില്‍ ചെയ്യുന്നത്. കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്തുതന്നെ വനിതാ വികസന കോര്‍പറേഷന്‍െറ സഹായത്തോടെ വനിതാ ഹോസ്റ്റലാക്കാന്‍ തീരുമാനിച്ചിരുന്നു. 30 പേര്‍ക്ക് താമസസൗകര്യമുള്ള പാലികാ ഭവനില്‍ ഏറ്റവും അനുയോജ്യമായത് വനിതാ ഹോസ്റ്റലാണ്. എന്നാല്‍, സമീപത്ത് ക്ഷേത്രമുള്ളതിനാല്‍ ഇതിനെതിരെ എതിര്‍പ്പുയര്‍ന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. അടുത്ത കൗണ്‍സിലില്‍ പ്രത്യേക അജണ്ടയായി പാലികാ ഭവന്‍ ചര്‍ച്ചക്കുവെക്കും. നവീകരണത്തിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് പാലികാ ഭവന്‍െറ സ്ളാബ് ഇടിഞ്ഞുവീണ് കാറ് തകര്‍ന്നിരുന്നു. കാറുടമക്ക് 3000 രൂപ നല്‍കി കേസ് ഒഴിവാക്കിയെന്നാണ് പറയുന്നത്. മൂന്നുവര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഇടത്താണ് ഈ അപകടം. ഇതോടെയാണ് പാലികാ ഭവന്‍ വീണ്ടും ചര്‍ച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.