ട്രാഫിക് സംവിധാനം കുത്തഴിഞ്ഞ് കാസര്‍കോട് നഗരം

കാസര്‍കോട്: ദിനംപ്രതി വര്‍ധിക്കുന്ന വാഹനങ്ങളുടെയും വീതി കൂടാത്ത റോഡുകളുടെയും കേന്ദ്രമായ കാസര്‍കോട് നഗരത്തില്‍ ട്രാഫിക് സംവിധാനം പാടേ കുത്തഴിഞ്ഞു. നഗരത്തിലെ വാഹനപ്പെരുപ്പം മുന്‍നിര്‍ത്തി രൂപവത്കരിച്ച ട്രാഫിക് സര്‍ക്ള്‍ ഇല്ലാതായിട്ട് ഒരു വര്‍ഷമാകുന്നു. കാസര്‍കോട് ട്രാഫിക് സി.ഐയെ വിദ്യാനഗര്‍ സി.ഐ ആയി മാറ്റിയ ശേഷം പകരം നിയമനം നടന്നിരുന്നില്ല. കഴിഞ്ഞ ഭരണകാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷമാണ് കാസര്‍കോട് ട്രാഫിക് സി.ഐയെ നിയമിച്ചത്. പ്രത്യേക സര്‍ക്ളാക്കി മാറ്റുകയും ചെയ്തു. ആ പദവി എടുത്തുകളഞ്ഞ് ട്രാഫിക് സ്റ്റേഷനെ ടൗണ്‍ സി.ഐയുടെ കീഴിലാക്കി. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരുടെ എണ്ണവും കുറഞ്ഞു. ഏഴ് വനിതാ പൊലിസുകാര്‍ ഉള്‍പ്പെടെ 17 പൊലീസുകാരുടെ കുറവ് ട്രാഫിക് സ്റ്റേഷനിലുണ്ട്. നഗരത്തില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് പൊലീസുകാരുടെ എണ്ണം കുറച്ചത്. തായലങ്ങാടി ട്രാഫിക് സര്‍ക്ള്‍, ചന്ദ്രഗിരി ജങ്ഷന്‍ എന്നിവിടങ്ങളില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അവയെല്ലാം അകാലചരമമടഞ്ഞു. നഗരത്തില്‍ ട്രാഫിക് പൊലീസില്ലാത്ത അവസ്ഥയുമായി. ഇതോടെ ഗതാഗത സംവിധാനം പാടേ താറുമാറായി. ഗതാഗതക്കുരുക്കില്‍പെട്ട് വാഹനങ്ങള്‍ മണിക്കൂറുകളോളം നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. റോഡില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ പൊലീസ് സ്റ്റിക്കര്‍ പതിക്കുന്ന ചടങ്ങുണ്ടായിരുന്നു. പൊലീസിന്‍െറ അഭാവത്തില്‍ അതും മുടങ്ങി. ഇപ്പോള്‍ ചെര്‍ക്കള മുതല്‍ ഗതാഗതക്കുരുക്ക് ആരംഭിക്കുകയാണ്. ബി.സി റോഡില്‍ എത്തുന്നതോടെ രൂക്ഷമാകും. രോഗികളുമായി ആശുപത്രിയിലേക്ക് പായുന്ന ആംബുലന്‍സിന് പോലും വഴികൊടുക്കാനാവാതെ കുരുക്ക് മുറുകുന്ന കാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.