എം.ജി റോഡ് അറ്റകുറ്റപ്പണിയിലെ അഴിമതി പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷിക്കും

കാസര്‍കോട്: നഗരത്തില്‍ എം.ജി റോഡ് അറ്റകുറ്റപ്പണിയിലെ ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അന്വേഷിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍െറ നിര്‍ദേശ പ്രകാരമാണ് അന്വേഷണം. ലക്ഷങ്ങള്‍ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസത്തിനുള്ളില്‍ തന്നെ തകര്‍ന്ന് പൂര്‍വസ്ഥിതിയിലായി. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ തളങ്കര ബാങ്കോട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ അബ്ദുല്ല മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിവരാവകാശ നിയമപ്രകാരം നഗരസഭാ ഓഫിസില്‍ നിന്ന് ലഭിച്ച രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ ജൂണ്‍ നാലിന് രാത്രിയാണ് എം.ജി റോഡ് റീടാറിങ് നടത്തിയത്. 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനുവേണ്ടി പൊതുമരാമത്ത് അധികൃതര്‍ തയാറാക്കിയത്. 23 ലക്ഷം രൂപ ചെലവഴിച്ചതായി രേഖകളുണ്ടാക്കുകയും ഇതിന്‍െറ ബില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മെക്കാഡം ടാറിങ് നടത്തിയ റോഡിലെ കുഴികള്‍ അടക്കാനാണ് തിരക്കിട്ട് റീടാറിങ് നടത്തിയത്. നുള്ളിപ്പാടി മുതല്‍ ട്രാഫിക് ജങ്ഷന്‍ വരെ 12 ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു പ്രവൃത്തി. അഞ്ചുലക്ഷത്തോളം രൂപ ഉപയോഗിച്ച് തീര്‍ക്കാവുന്ന അറ്റകുറ്റപ്പണിക്കാണ് ഉദ്യോഗസ്ഥര്‍ ഭീമമായ തുക ചെലവഴിച്ചത്. മായം കലര്‍ന്ന ടാറാണ് റീ ടാറിങ്ങിന് ഉപയോഗിച്ചതെന്നും പരാതിയുണ്ട്. റീടാറിങ് നടത്തിയ ഭാഗം ആഴ്ചകള്‍ക്കകം പൂര്‍ണമായി ഇളകി റോഡ് പഴയതിനെക്കാളേറെ മോശമായി മാറുകയും ചെയ്തു. മെറ്റല്‍ ഇളകിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്ന സ്ഥിതിയുമുണ്ട്. ഒരു മാസത്തിനിടെ പത്തോളം ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് അഴിമതി നടത്തിയെന്നാണ് പ്രധാന ആരോപണം. കാസര്‍കോട് നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്‍െറയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചില കരാറുകാരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് വര്‍ഷങ്ങളായി നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. അഴിമതി അന്വേഷിക്കണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഗ്രേറ്റ് ഹിസ്റ്ററി എന്ന വാട്സ്ആപ് ഗ്രൂപ്പ് അഴിമതിക്കെതിരെ പ്രചാരണവുമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.