മാര്‍ജിന്‍ മണി വായ്പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31വരെ

കാസര്‍കോട്: വ്യവസായവകുപ്പില്‍നിന്ന് ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക നിവാരണത്തിന്‍െറ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ഈമാസം 31വരെയാണ് പദ്ധതിയുടെ കാലാവധി. 2008 ഏപ്രില്‍ ഏഴിനോ അതിനു മുമ്പോ വായ്പ എടുത്ത് തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കാണ് പദ്ധതി ബാധകം. വായ്പ വാങ്ങിയ സംരംഭകന്‍ മരിക്കുകയും സ്ഥാപനം നിന്നുപോവുകയും സ്ഥാപനത്തിന്‍െറ ആസ്തികള്‍ നിലവിലില്ലാതിരിക്കുകയും ചെയ്ത കേസുകളില്‍ മുതലും പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. മരിച്ച സംരംഭകന്‍െറ അവകാശികള്‍ ഇതിനായി അപേക്ഷിക്കണം. ഇത്തരം കേസുകളില്‍ സംരംഭകന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മുതല്‍ ഒറ്റത്തവണയായി തിരിച്ചടച്ചാല്‍ പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. വായ്പ വാങ്ങിയ സംരംഭകന്‍ മരിക്കുകയും സ്ഥാപനം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കേസുകളില്‍ പലിശയും പിഴപ്പലിശയും 50 ശതമാനം എഴുതിത്തള്ളും. മുതലും ബാക്കി പലിശയും ഒറ്റത്തവണയായി തിരിച്ചടക്കണം. കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷങ്ങളിലായി നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ അവരവരുടെ നെറ്റ്വര്‍ത്ത് നെഗറ്റീവ് ആണെങ്കില്‍ 50 ശതമാനം പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. പീഡിത വ്യവസായ പദ്ധതിപ്രകാരം പുനരുദ്ധാരണത്തിനായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം സ്കീം അനുവദിച്ചിട്ടുണ്ട്. അവര്‍ മുതലിന്‍െറ 50 ശതമാനം മൂന്നു ഗഡുക്കളായി അടക്കുകയാണെങ്കില്‍ ബാക്കി തുക അടക്കുന്നതിന് രണ്ടുവര്‍ഷം സാവകാശം നല്‍കും. പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. സമയബന്ധിതമായി തുക അടക്കുന്നില്ളെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം നഷ്ടപ്പെടും. പുനരുദ്ധാരണ സാധ്യതയില്ലാത്തതും പൂട്ടിക്കിടക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് പലിശയും പിഴപ്പലിശയും 50 ശതമാനം ഇളവുനല്‍കും. ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആനുകൂല്യം ഉപയോഗിച്ച് അര്‍ഹതയുള്ള മുഴുവന്‍ സംരംഭകരും വായ്പ അടച്ചുതീര്‍ക്കണമെന്നും അടച്ചുതീര്‍ക്കാത്ത കേസുകള്‍ ഈ മാസം 31നുശേഷം ജപ്തിനടപടികള്‍ക്കായി ശിപാര്‍ശ ചെയ്യുന്നതാണെന്നും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: ജില്ലാ വ്യവസായകേന്ദ്രം, കാസര്‍കോട് ഫോണ്‍: 04994-255749, 256090 താലൂക്ക് വ്യവസായ ഓഫിസ്, കാസര്‍കോട്: 04994-256110 താലൂക്ക് വ്യവസായ ഓഫിസ്, ഹോസ്ദുര്‍ഗ്: 0467-2209490.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.