കാസര്‍കോട്: പടന്ന, തൃക്കരിപ്പൂര്‍ മേഖലയില്‍ നിന്ന് മലയാളികളുടെ കൂട്ട തിരോധാനം വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോഴും പ്രകോപനമോ പ്രതിഷേധമോ ഇല്ലാതെ കരുതലോടെ നാട്ടുകാര്‍. കാര്യങ്ങളുടെ നിജസ്ഥിതി വരാന്‍ സംയമനത്തോടെ നാടും ജനനേതാക്കളും കാത്തിരിക്കുമ്പോള്‍ തീവ്രവാദവിഷയം ഉയര്‍ത്തിപ്പിടിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന സമരം നാട്ടുകാരെയും അന്വേഷണ സംഘത്തെയും ബുദ്ധിമുട്ടിക്കുന്നു. വിവിധ ഘട്ടങ്ങളിലായി നാടുവിട്ടവര്‍ തിരിച്ച് എത്താതിരുന്നപ്പോള്‍ ജില്ലയിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ജനപ്രതിനിധിയെ നേരിട്ട് അറിയിക്കുകയും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തവരാണ് പടന്നയിലെയും തൃക്കരിപ്പൂരിലെയും നാട്ടുകാര്‍. കാണാതായവരില്‍ ഒരാളായ ഹഫീസുദ്ദീന്‍െറ പിതാവ് അബ്ദുല്‍ ഹക്കീമിന്‍െറ നേതൃത്വത്തിലാണ് കുടുംബങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ. വി.പി.പി. മുസ്തഫയുടെ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവന്നത്. തുടര്‍ന്ന് പി. കരുണാകരന്‍ എം.പിയും മുസ്തഫയും മുഖ്യമന്ത്രി പിണറായിയുടെ ശ്രദ്ധയില്‍ നിവേദനമായി കാര്യങ്ങള്‍ അവതരിപ്പിച്ചു. സംഭവം അറിഞ്ഞ ദിവസം രാത്രിയില്‍ കക്ഷി രാഷ്ട്രീയവും ജാതിമതപരിഗണനകളും നോക്കാതെ നേതാക്കള്‍ എത്തിയത് കാര്യങ്ങള്‍ നല്ല ദിശയില്‍ നീങ്ങുന്നതിന്‍െറ ഭാഗമായിരുന്നുവെന്ന് ഡോ. മുസ്തഫ മാധ്യമത്തോട് പറഞ്ഞു. പ്രദേശത്തെ ബി.ജെ.പി, ലീഗ് നേതാക്കള്‍ എല്ലാവരും ഉണ്ടായിരുന്നു. ആരും രാഷ്ട്രീയ താല്‍പര്യത്തിനോ മുതലെടുപ്പിനോ തയാറായില്ളെന്നും ഡോ. വി.പി.പി. മുസ്തഫ പറഞ്ഞു. നിജസ്ഥിതി പുറത്തുവരും മുമ്പ് തീവ്രവാദം എന്ന പേരില്‍ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തിറങ്ങിയതില്‍ ബി.ജെ.പിയില്‍ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പ് ഉണ്ട്. ഇത് പാര്‍ട്ടിയെ പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്ന വാദമാണ് ഇവര്‍ നിരത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.