തലക്കി സംഭവം: മണല്‍ മോഷണത്തിന് കേസെടുത്തു

മഞ്ചേശ്വരം: വോര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ തലക്കിയില്‍ മണല്‍കടത്തു സംഘങ്ങള്‍ തമ്മിലെ കുടിപ്പകമൂലം ഉണ്ടായ അക്രമസംഭവങ്ങളും വെടിവെപ്പും ഒതുക്കിത്തീര്‍ക്കാന്‍ ധാരണ. ഇരുവിഭാഗവും ഒത്തുതീര്‍പ്പില്‍ എത്തിയതോടെ കേസെടുക്കാതെ സംഭവം ഒതുക്കിത്തീര്‍ത്തു. മണല്‍ മോഷണത്തിന് മാത്രമാണ് കേസുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് പാത്തൂര്‍ തലക്കിയിലെ മജീദി (38)നെ വീട്ടില്‍ കയറി മണല്‍ മാഫിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. തടയാന്‍ ചെന്ന അയല്‍ക്കാരന്‍ അബ്ദുല്‍അസീസി (30)നും മര്‍ദനമേറ്റിരുന്നു. മജീദിന്‍െറ സഹോദരന്‍ അഷ്റഫിന്‍െറ ബൈക്ക് തകര്‍ക്കുകയും സുഹൃത്ത് സിദ്ദീഖിന്‍െറ കാറിന് വെടിവെക്കുകയും ചെയ്തിരുന്നു. വെടിവെച്ചതല്ല കുത്തിക്കീറിയതാണെന്നാണ് മഞ്ചേശ്വരം പൊലീസ് പറയുന്നത്. എന്നാല്‍, നാലു ടയറുകള്‍ക്കും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍നിന്നും മൊഴിയെടുക്കാന്‍ എത്തിയ പൊലീസിനോട് പരാതി ഇല്ളെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. വെടിവെപ്പ് നടന്നുവെന്ന് പ്രഥമദൃഷ്ട്യാ വിവരം ലഭിച്ചാല്‍ നടപടി എടുക്കാന്‍ പൊലീസിന് അധികാരം ഉണ്ടെന്നിരിക്കെ, തലക്കിയില്‍ നടന്ന സംഭവം മാധ്യമങ്ങളിലും മറ്റും വിവാദമായിട്ടും സ്വമേധയാ കേസെടുക്കാന്‍പോലും പൊലീസ് തയാറായിട്ടില്ല. സ്വമേധയാ കേസെടുത്താലും സംഭവസ്ഥലത്തുള്ള ആരും മൊഴി നല്‍കാന്‍ തയാറാവില്ളെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുക്കേണ്ടതില്ളെന്ന് തീരുമാനിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിവെപ്പിനുശേഷം ഉപയോഗിച്ച തോക്കും പ്രതികള്‍ കൊണ്ടുപോയിരുന്നു. ഇതു കണ്ടത്തൊന്‍ പൊലീസിന് സ്വമേധയാ കേസെടുക്കുന്നത് സഹായകമാവുമായിരുന്നു. അതിനിടെ, തലക്കിയില്‍ ഒരു വീട്ടുപറമ്പില്‍ സൂക്ഷിച്ച 100 ലോഡ് മണല്‍ മഞ്ചേശ്വരം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലക്കി സ്വദേശികളായ തലക്കി ശരീഫ്, തലക്കി റഫീഖ് എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് മോഷണത്തിന് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.