കാഞ്ഞങ്ങാട്– കാണിയൂര്‍ റെയില്‍പാത: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേ പാതക്ക് സംസ്ഥാന ബജറ്റില്‍ തുക നീക്കിവെക്കണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍ നിവേദനം നല്‍കി. കേന്ദ്രപദ്ധതികളുടെ ചെലവില്‍ പകുതി വിഹിതം അതത് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് പുതിയ നയം. ഇത് എല്‍.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ചു. 2009ലെ റെയില്‍വേ ബജറ്റിലാണ് പദ്ധതി ഉള്‍പ്പെടുത്തിയത്. സര്‍വേക്ക് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി. 82 കിലോമീറ്റര്‍ റെയില്‍പാത ഏറ്റവും ലാഭകരമെന്നാണ് സര്‍വേയില്‍ കണ്ടത്തെിയത്. പാതയില്‍ 42 കിലോമീറ്റര്‍ കേരളത്തിലും 40 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ്. കേരളത്തില്‍ സര്‍വേ പൂര്‍ത്തിയായിട്ടും കര്‍ണാടകയില്‍ വനംമേഖലയിലൂടെയുള്ള സര്‍വേ വൈകിയിരുന്നു. നിരന്തര ഇടപെടലില്‍ കര്‍ണാടകയിലെ സര്‍വേയും പൂര്‍ത്തിയായി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ തയാറായില്ല. ഇതിനാല്‍ പദ്ധതി നഷ്ടപ്പെടാന്‍ സാധ്യതയേറി. ശക്തമായ ഇടപെടലില്‍ റെയില്‍വേ റീസര്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാത യാഥാര്‍ഥ്യമാകണമെങ്കില്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലടക്കം സംസ്ഥാനസര്‍ക്കാറിന്‍െറ സഹായം വേണം. കര്‍ണാടക സര്‍ക്കാറിന്‍െറ സഹായമുണ്ടാകുമ്പോള്‍ സ്വപ്നപദ്ധതി വേഗത്തിലാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. എം.എല്‍.എമാരായ എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.