കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ തൊഴിലാളി യൂനിയനുകളുടെ പോസ്റ്ററുകളിലും ഫ്ളക്സുകളിലുംതട്ടി യാത്രക്കാര്‍ക്ക് നടക്കാനാവാത്ത സ്ഥിതി. പോസ്റ്ററുകളിലെ സാഹിത്യം പുതിയ ചലച്ചിത്രങ്ങളുടെ പേരുകളും ഡയലോഗുകളും കടമെടുത്തപ്പോള്‍ യാത്രക്കാര്‍ക്ക് ചിരിക്കാന്‍ വകയായി. പ്രധാന അഞ്ചുസംഘടനകളുടെ ഫ്ളക്സുകളാണ് തലങ്ങും വിലങ്ങും നിരത്തിവെച്ചിരിക്കുന്നത്. 39 ശതമാനം ഡി.എ അനുവദിച്ചതിന് കോണ്‍ഗ്രസിന്‍െറ ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്) സ്ഥാപിച്ച അഭിനന്ദന ബോര്‍ഡാണ് കൂടുതല്‍ ഫ്ളക്സുകള്‍ ഇറങ്ങാന്‍ കാരണം. ടി.ഡി.എഫിന് മറുപടിയായാണ് സി.ഐ.ടി.യു യൂനിയന്‍ മറു ഫ്ളക്സ് സ്ഥാപിച്ചത്. ‘അടി കപ്യാരെ കൂട്ട മണി’യെന്ന തലക്കെട്ടില്‍ സ്ഥാപിച്ച സി.ഐ.ടി.യു പോസ്റ്റര്‍ അടുത്ത സര്‍ക്കാറിന്‍െറ കാലത്ത് നല്‍കാനാകുന്ന ഡി.എ കുടിശ്ശിക ഇപ്പോഴെ പ്രഖ്യാപിക്കുന്നതിനെ കളിയാക്കുകയാണ്. ഇതിന് മറുപടിയായി ടി.ഡി.എഫ് ‘എട്ടുകാലി മമ്മൂഞ്ഞി വീണ്ടും’ എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഇതിനും സി.ഐ.ടി.യു മറുപടി നല്‍കി, ‘അതുക്കും മേലെ’ എന്നാണ് പോസ്റ്റര്‍. യാത്രക്കാരുടെ വിശ്രമസ്ഥലത്തേക്കുള്ള വഴിയായ അന്വേഷണ കൗണ്ടറിന്‍െറ മുന്നില്‍, നാടക സ്റ്റേജ് പോലെ ഫ്ളക്സുകള്‍ കുത്തിനിരത്തിയിരിക്കുന്നു. ഈ സ്ഥലം തികയാത്തതിനെ തുടര്‍ന്ന് ബസുകളുടെ ബോഡിയിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പഴയ ഫ്ളക്സുകളുടെ നീണ്ട നിര വേറെയും കാണാം. യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞാലും യൂനിയന്‍കാര്‍ മാറ്റാന്‍ തയാറല്ല. പ്രധാന യൂനിയനുകളായ സി.ഐ.ടി.യു, ടി.ഡി.എഫ്, എ.ഐ.ടി.യു.സി, ബി.എം.എസ്, ഡ്രൈവേഴ്സ് യൂനിയന്‍ എന്നിവയുടെ ബോര്‍ഡുകളും നോട്ടീസുകളും പരക്കെ സ്ഥാപിക്കുകയും പതിക്കുകയും ചെയ്തിട്ടുണ്ട്. യൂനിയനുകള്‍ക്ക് നോട്ടീസ് പതിക്കാന്‍ ബോര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് തികയാതെയാണ് ഫ്ളക്സുകളുടെ വേലിയേറ്റം. കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ചട്ടവിരുദ്ധമാണ്. ഫെബ്രുവരി 25ന് കെ.എസ്.ആര്‍.ടി.സി ട്രേഡ് യൂനിയനുകളുടെ റഫറണ്ടം നടക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായാണ് ഫ്ളക്സുകളുടെ നീണ്ട നിരയെന്നാണ് പറയുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിമാസ യോഗം ഇന്ന് നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഫ്ളക്സുകള്‍ പെരുകുന്നത് അജണ്ടയായേക്കും. യാത്രക്കാരുടെ പരാതി കാരണമായെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.