കാഞ്ഞങ്ങാട്: മാലിന്യങ്ങള്‍ കത്തിച്ചാലും വലിച്ചെറിഞ്ഞാലും കാന്‍സര്‍ വരുമെന്ന് ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. വാസുകി. ‘ശുചിത്വ നഗരം സുന്ദരനഗരം’ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാലിന്യ സംസ്കരണം ശരിയായി നടക്കാത്ത സ്ഥലങ്ങളില്‍ ഇക്കാരണത്താല്‍ 22 മാരക രോഗങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടത്തെല്‍. അതില്‍ ഏറ്റവും പ്രധാനം കാന്‍സറാണ്. മാലിന്യം കാരണമാണ് കേരളത്തില്‍ കാന്‍സര്‍ വന്‍തോതില്‍ വര്‍ധിച്ചത്. ഏറ്റവും കൂടുതല്‍ ഖരമാലിന്യങ്ങള്‍ കത്തിക്കുന്നത് കേരളത്തിലാണ്. പ്ളാസ്റ്റിക്, പേപ്പര്‍ എന്നിവയുള്‍പ്പെടെയുള്ള ഖരമാലിന്യങ്ങളില്‍ ഈയം, മെര്‍ക്കുറി, കാഡ്മിയം, ആര്‍സനിക് തുടങ്ങിയ ഖനലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്സിനുകള്‍, ഫ്യൂറാന്‍ എന്നിവയാണ് മാരകരോഗങ്ങളുണ്ടാക്കുന്നത്. ശാസ്ത്രം ഇതേവരെ കണ്ടത്തെിയതില്‍ ഏറ്റവും അപകടകാരികളായ രാസ വിഷങ്ങളാണ് ഡയോക്സിനുകള്‍. മാലിന്യങ്ങളില്‍ ഇവയുടെ അളവ് കണ്ടത്തൊനുള്ള സംവിധാനമില്ല. വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ നിന്ന് രാസവിഷങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ന്ന് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്ലാത്ത ദമ്പതികളുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നതും ഇക്കാരണത്താലാണ്. വ്യവസായ മലിനീകരണത്തെക്കാള്‍ ഉയര്‍ന്ന തോതിലാണ് വീടുകളില്‍ മാലിന്യം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണം. മാലിന്യങ്ങള്‍ കത്തിക്കുന്നതിനുള്ള ഇന്‍സിനറേറ്ററുകള്‍ക്ക് ശുചിത്വ മിഷന്‍ അനുമതി നല്‍കാത്തത് ഇക്കാരണത്താലാണ്. ഇന്‍സിനറേറ്റര്‍ മാലിന്യ സംസ്കരണത്തിനുള്ള ഉപാധിയല്ല. പകരം ആശ്രയിക്കാവുന്ന മാര്‍ഗങ്ങളുണ്ട്. മാലിന്യ പ്രശ്നം പരിഹാരമില്ലാത്ത വിഷയമാകുന്നതിന് കാരണം സാങ്കേതികതയുടെ പോരായ്മയോ ഭരണകൂടത്തിന്‍െറ അലംഭാവമോ സാമ്പത്തിക പരാധീനതയോ അല്ല. നമ്മുടെ മനോഭാവവും സംസ്കാരവും ശീലങ്ങളുമാണ്. ഇത് മാറാതെ മുന്നേറാന്‍ കഴിയില്ല. സംസ്കരണ സംവിധാനങ്ങള്‍ നൂറുശതമാനം ഫലപ്രദമെന്നോ പരിസ്ഥിതി സൗഹൃദമെന്നോ പറയാനാവില്ല. ഡിസ്പോസിബിള്‍ സംസ്കാരം വന്നതോടെയാണ് മാലിന്യപ്രശ്നം ഇത്രയേറെ രൂക്ഷമായത്. മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കാന്‍ തയാറാകണമെന്ന് ഡോ. വാസുകി പറഞ്ഞു. ഡിസ്പോസിബിള്‍ ഉപയോഗം ഇല്ലാതാക്കുമെന്നും മാലിന്യങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യില്ളെന്നും ജൈവ മാലിന്യങ്ങള്‍ താന്‍ തന്നെ സംസ്കരിക്കുമെന്നും സദസ്സ് പ്രതിജ്ഞയെടുത്തു. നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജാഫര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.