തെക്കില്‍ വളവ് ബസപകടം: ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: ബുധനാഴ്ച തെക്കില്‍ വളവിലുണ്ടായ ബസപകടത്തില്‍ ഒഴിവായത് വന്‍ദുരന്തം. നിരവധി തവണ ടാങ്കര്‍ ലോറികളും ബസുകളും തീര്‍ഥാടക വാഹനങ്ങളും തെക്കില്‍ വളവില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അപകടങ്ങളുണ്ടാവുമ്പോഴെല്ലാം ദേശീയപാത അധികൃതര്‍ ചില്ലറ പൊടിക്കൈകളുപയോഗിച്ച് റോഡ് അറ്റകുറ്റപണി നടത്തും. വീണ്ടും അപകടമുണ്ടാവുമ്പോഴാണ് എല്ലാവരും തെക്കില്‍ വളവിനെക്കുറിച്ച് ഓര്‍മിക്കുന്നത്. തെക്കില്‍ വളവില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ നിരന്തരം നടക്കാറുണ്ടെങ്കിലും1992 ഡിസംബര്‍ 28ന് ഞായറാഴ്ച നടന്ന ബസപകടമാണ് ജില്ലക്കാരുടെ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട പെണ്‍കുട്ടിയെ അന്ന് സര്‍ക്കാര്‍ ദത്തെടുത്തു. കണ്ണൂരില്‍നിന്ന് കാസര്‍കോടേക്ക് വരുകയായിരുന്ന പ്രിയദര്‍ശിനി ബസാണ് അന്ന് ബ്രേക്ക് തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്. പതിനാല് പേര്‍ അപകടത്തില്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിനുശേഷം ദേശീയപാത അധികൃതര്‍ വളവ് വീതികൂട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം ഡിവൈഡറും മറ്റു സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിച്ചു. എന്നിട്ടും മഴവെള്ളമൊലിച്ച് റോഡും വളവും പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന് രണ്ടു മൂന്ന് വര്‍ഷം മുമ്പ് വളവുകളില്‍ ഇന്‍റര്‍ലോക്കിട്ട് ഉറപ്പിച്ചു. പിന്നീട് കുറച്ചു വര്‍ഷങ്ങളായി വലിയ അപകടങ്ങളൊന്നുമുണ്ടായിരുന്നില്ല. വളവുകള്‍ ശാസ്ത്രീയമായല്ളെന്നും ഭാരമുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വണ്ടിയുടെ സ്റ്റിയറിങ്ങിന് ബാലന്‍സ് കുറയുന്നതുമാണ് അപകട കാരണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. സുരക്ഷക്കായി മെച്ചപ്പെട്ട സൈന്‍ബോര്‍ഡുകളും കാമറാ ഉപകരണങ്ങളും റഡാര്‍ നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തണമെന്നും പകല്‍ സമയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT