എന്‍ഡോസള്‍ഫാന്‍ പ്രശ്നം വീണ്ടും ആളിക്കത്തുന്നു

കാസര്‍കോട്: ലോകശ്രദ്ധയിലേക്ക് ഉയര്‍ന്ന് പിന്നീട് അമര്‍ന്നുപോയ എന്‍ഡോസള്‍ഫാന്‍ പ്രശ്നം വീണ്ടും ആളിക്കത്തുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന കേരളയാത്രകളാണ് പ്രശ്നത്തെ വീണ്ടും സജീവമാക്കുന്നത്. വി.എം. സുധീരന്‍െറ ജാഥയാണ് ആദ്യം ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തനത്തിന്‍െറ നേതൃനിരയിലുണ്ടായിരുന്ന സുധീരന്‍ ആക്ടിവിസ്റ്റുകളുമായി വിഷയം സംസാരിച്ചായിരുന്നു തുടക്കം. പിന്നാലെ പിണറായി വിജയന്‍ ദുരിത ബാധിത മേഖലയിലേക്ക് കടന്നുചെന്നു. അദ്ദേഹം ഒരു ദിവസം അതിനായി ചെലവഴിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണനെ ഫോണില്‍ വിളിച്ച് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. കേന്ദ്രത്തിന് നല്‍കിയ 480 കോടി രൂപയുടെ അപേക്ഷക്കെതിരെ ഹൈകോടതിയില്‍ ബി.ജെ.പി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് കുമ്മനം രാജശേഖരന്‍ അറിയുന്നത് കാസര്‍കോട് വെച്ചാണ്. ഈ തുക നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തുമെന്ന് അറിയിച്ച് രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമം ബി.ജെ.പിയും ആരംഭിച്ചു. മുസ്ലിം ലീഗ്, സി.പി.ഐ യാത്രകളും എന്‍ഡോസള്‍ഫാന്‍ വിഷയം സ്പര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അമ്മമാരുടെ സമരം വീണ്ടും ആരംഭിക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി തീരുമാനിച്ചിട്ടുണ്ട്. ഈ സമരം ഉദ്ഘാടനം ചെയ്യുന്നത് വി.എസ്. അച്യുതാനന്ദനാണ്. വിഷയത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത് വി.എസിന്‍െറ പ്രവേശത്തോടെയാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്നം പശ്ചാത്തലമാക്കി രചിച്ച അംബികാസുതന്‍ മാങ്ങാടിന്‍െറ ‘എന്‍മകജെ’ നോവലിന്‍െറ 12ാം പതിപ്പ് ജനുവരി 28ന് ചടങ്ങില്‍ വി.എസ്. അച്യുതാനന്ദന്‍ സുഗതകുമാരിക്ക് നല്‍കി പ്രകാശനം ചെയ്യും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ 151 രചനകള്‍ ഇന്ന് കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ അംബികാ സുതന്‍ മാങ്ങാടിന്‍െറ നേതൃത്വത്തില്‍ പ്രകാശിതമാവുകയാണ്. 5837 പേരാണ് എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പട്ടികയിലുള്ളത്. ഇവര്‍ക്കുള്ള പെന്‍ഷനുകള്‍, സാമ്പത്തിക സഹായങ്ങള്‍, പുതിയ ഇരകള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പുകള്‍ എല്ലാം മുടങ്ങി. 2010ല്‍ എട്ട് ആഴ്ചകൊണ്ട് കൊടുത്തുതീര്‍ക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ച സാമ്പത്തിക സഹായം ഇനിയും നല്‍കിത്തീര്‍ന്നിട്ടില്ല. ചികിത്സക്ക് വേണ്ടിയെടുത്ത കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജപ്തി നടപടി വേറെയുണ്ട്. ഈ പ്രശ്നങ്ങളൊക്കെയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവരുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആവേശം മാത്രമായിരിക്കുമോ ഇതെന്ന ആശങ്കയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT