കെ.എസ്.ടി.പി റോഡ് പ്രവൃത്തിയില്‍ ഐ.ആര്‍.സി മാനദണ്ഡം പാലിക്കണം

കാഞ്ഞങ്ങാട്: നഗരത്തില്‍ നിര്‍ത്തിവെച്ച നാലുവരിപ്പാതയുടെ നിര്‍മാണത്തില്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐ.ആര്‍.സി) മാനദണ്ഡം പൂര്‍ണമായും പാലിക്കണമെന്ന് നഗരവികസന കര്‍മസമിതി ആവശ്യപ്പെട്ടു. നഗരത്തിലെ വ്യാപാരികള്‍ക്കും ഇടപാടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം ഗതാഗത ക്രമീകരണമെന്ന ആവശ്യം കെ.എസ്.ടി.പിയോട് യോഗം ഉന്നയിച്ചു. ഐ.ആര്‍.സി മാനദണ്ഡമനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പാത നിര്‍മിക്കാനാണ് കെ.എസ്.ടി.പി കരാറുണ്ടാക്കിയിട്ടുള്ളത്. കരാര്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പാടില്ല. നിര്‍ത്തിവെച്ച റോഡ് പണി എത്രയും വേഗം പുനാരാരംഭിച്ച് നിശ്ചിത സമയത്തിനകം പാത നിര്‍മാണം പൂര്‍ത്തിയാക്കാനും ഓവുചാല്‍ പണിയാനും നടപടിയെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതിനായി കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറെ കണ്ട് ചര്‍ച്ച നടത്തും. കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതയുടെ സര്‍വേ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ റെയില്‍വേ ബജറ്റില്‍ പാത നിര്‍മാണത്തിന് തുക വകയിരുത്തണമെന്ന് യോഗം കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇതിനാവശ്യമായ ഫയലുകള്‍ നീക്കുന്നതിന് സമിതിയുടെ പ്രതിനിധികള്‍ ചെന്നൈയില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജറെയും റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിയെയും കണ്ട് സംസാരിക്കും. റെയില്‍ ബജറ്റില്‍ കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഉള്‍പ്പെടുത്താന്‍ കേന്ദ്ര റെയില്‍മന്ത്രിയെ കണ്ട് സമ്മര്‍ദം ചെലുത്തുന്നതിന് കാസര്‍കോട്, ദക്ഷിണ കന്നഡ എം.പിമാരോട് സമിതി ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. എ.വി. രാമകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍, ടി. മുഹമ്മദ് അസ്ലം, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ഇ.കെ.കെ. പടന്നക്കാട്, സൂര്യഭട്ട്, ജോസ് കൊച്ചിക്കുന്നേല്‍, എം.എസ്. പ്രദീപ്, എം. വിനോദ്, സി.എ. പീറ്റര്‍, പി.കെ. പ്രകാശന്‍, അഷ്റഫ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.