കാലത്തോട് സംവദിച്ച് ഭാസ്കര ചിത്രങ്ങള്‍

കാസര്‍കോട്: നിശ്ശബ്ദരാക്കപ്പെടുന്നവരുടെ ഭാഷയാണ് ചിത്രങ്ങള്‍. ലോകത്തിലെ എല്ലാ ദേശക്കാരോടും പ്രായക്കാരോടും ഒരു വ്യത്യാസവുമില്ലാതെ അവ സംസാരിക്കുന്നു. തളങ്കര ഗവ. മുസ്ലിം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നുവരുന്ന 1991-92 ബാച്ചിന്‍െറ 25ാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ബാരെ ഭാസ്കരന്‍െറ ‘ഫേര്‍വെല്‍ ടു റൂട്ട്സ്’ എന്ന ചിത്രപ്രദര്‍ശനം പ്രേക്ഷകരോട് ഏറെ സംവദിക്കുന്നതായി. അവ മനുഷ്യ സമൂഹത്തിന്‍െറ നാളിതുവരെയുള്ള സംസ്കാരത്തിന്‍െറ വളര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നു. മിക്ക ചിത്രങ്ങളും ജലച്ചായത്തിലും പെന്‍സില്‍ സ്കെച്ചുകളുമായാണ് വരച്ചിട്ടുള്ളത്. ബാരെ എന്ന പേരില്‍ നിന്നുതന്നെയാണ് ചിത്രപ്രദര്‍ശനത്തിന്‍െറ തുടക്കം. ടിപ്പു സുല്‍ത്താന്‍െറ ഭരണകാലത്ത് കാസര്‍കോടിനപ്പുറം ബ്യാരി എന്ന ഭാഷയുടെ വേരുകള്‍ പടര്‍ന്നുകയറിയ കാലത്തെ പല ചിത്രങ്ങളും അടയാളപ്പെടുത്തുന്നു. മനുഷ്യന്‍െറ രൂപ പരിണാമങ്ങള്‍, സമൂഹത്തിലെ മാറ്റങ്ങള്‍, കല, സംസ്കാരം, പുരാവൃത്തങ്ങള്‍, ഭക്ഷണരീതികള്‍, ആധുനികത എന്നിവ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ‘ഐ ലവ് ബ്ളാക്’ എന്ന ചിത്രം വര്‍ണവെറിയുടെ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ മനസ്സിലേക്ക് കൊണ്ടുവരുന്നു. ബിഹാറിന്‍െറ അവസ്ഥയെക്കുറിച്ച് വിവരിക്കുന്ന ‘അമേസിങ് മ്യൂസിയം’ എന്ന ചിത്രം വികസനമെന്ന പേരില്‍ പലതും കാട്ടിക്കൂട്ടിയിട്ടും മനുഷ്യന്‍െറ അവസ്ഥക്ക് മാറ്റമില്ളെന്ന സത്യം ബോധ്യപ്പെടുത്തുന്നു. ജനപഥങ്ങളുടെ ആന്തരിക ബോധത്തില്‍ വലിയ മാറ്റമുണ്ടാവാതെ ഒരു വികസനവും സാധ്യമല്ല എന്ന യാഥാര്‍ഥ്യവും അത് കുറിക്കുന്നു. ‘കൊളോണിയല്‍ കിങ്ഡം’ എന്ന പേരിട്ടിട്ടുള്ള ചിത്രങ്ങള്‍ രാജാവും പ്രജകളും ഉണ്ടായതെങ്ങനെയെന്ന് കാണിച്ചുതരുന്നു. ചിത്രങ്ങളില്‍ എല്ലായിടത്തും പാവപ്പെട്ട മനുഷ്യരാണ് ഇടം പിടിച്ചിട്ടുള്ളത്. മനുഷ്യന്‍െറ വളര്‍ച്ചയുടെ ചരിത്രം ഇവരുണ്ടാക്കിയതാണെന്ന് ബാരെ നിശ്ശബ്ദമായി ചിത്രത്തിലൂടെ വിളിച്ചുപറയുന്നു. ചിത്രപ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ മനുഷ്യന്‍െറ മഹത്തായ ധര്‍മസങ്കടങ്ങളാണ് നമ്മെ പിന്തുടരുക. ചിത്രപ്രദര്‍ശനം 11ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.