വ്യാപാരി–ചുമട്ടു തൊഴിലാളി പ്രശ്നം പരിഹരിച്ചു

കാസര്‍കോട്: പരപ്പയില്‍ വ്യാപാരികളും ചുമട്ടു തൊഴിലാളികളും തമ്മിലുണ്ടായ തര്‍ക്കം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചു. വ്യാപാരികളെ കൈയേറ്റം ചെയ്തതിലും ജില്ലാ സെക്രട്ടറിയെ മര്‍ദിച്ചതിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. സംഭവത്തില്‍ പരപ്പ സി.എച്ച്. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള സി.എച്ച്. സ്റ്റോഴ്സ് ബഹിഷ്ക്കരണം തൊഴിലാളികള്‍ പിന്‍വലിക്കാനും കൂലി വര്‍ധന സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ 11ന് കാസര്‍കോട് ചര്‍ച്ച നടത്താനും ജില്ലാ ലേബര്‍ ഓഫിസര്‍ വ്യാപാര ഭവനില്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനിച്ചു. വ്യാപാരി നേതാക്കളെ കൈയേറ്റം ചെയ്തത് സംബന്ധിച്ചുണ്ടായ കേസ് പൊലീസുമായി ചര്‍ച്ച നടത്തി പരിഹരിക്കും. പരപ്പ സി.എച്ച്. സ്റ്റോഴ്സിലേക്കു വന്ന ലോഡ് മണല്‍ മറ്റുള്ളവരെക്കൊണ്ട് ഇറക്കിച്ചതിന് ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതായി വ്യാപാരികള്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് കടയിലെ കയറ്റിറക്ക് ജോലികളില്‍ നിന്നും തൊഴിലാളികള്‍ വിട്ടു നില്‍ക്കുകയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനത്തെിയപ്പോഴാണ് വ്യാപാരി നേതാക്കള്‍ കൈയേറ്റത്തിനിരയായത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് അഹമ്മദ് ഷെരീഫ്, തൊഴിലാളി ബോര്‍ഡ് അംഗം സി. യൂസഫ് ഹാജി, പരപ്പ യൂനിറ്റ് പ്രസിഡന്‍റ് എം.പി. ജോസഫ്, തൊഴിലാളികളെ പ്രതിനിധാനം ചെയ്ത് ഡി.വി. അമ്പാടി, കെ. കുഞ്ഞിരാമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഏകോപന സമിതി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. വെള്ളരിക്കുണ്ട് താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ കാസര്‍കോട് നഗരത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.