തീര നിയമം: വലിയപറമ്പ ദ്വീപ് നിവാസികള്‍ കൂട്ടായ്മ സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍: തീര പരിപാലന നിയമം പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന സാഹചര്യത്തില്‍ വലിയപറമ്പ നിവാസികള്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അറബിക്കടലിനും കവ്വായിക്കായലിനും ഇടയില്‍ കിടക്കുന്ന ദ്വീപ് പഞ്ചായത്തില്‍ നിയമം കര്‍ക്കശമായി പാലിക്കപ്പെട്ടാല്‍ വീടുകളെയും കെട്ടിടങ്ങളെയും സാരമായി ബാധിക്കും. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ മേഖലയായി വളര്‍ന്നുവരുന്ന പ്രദേശത്തിന് നിയമം പ്രതികൂലമാവും. മത്സ്യബന്ധനം പ്രധാന ഉപജീവന മാര്‍ഗമായ പ്രദേശവാസികളുടെ ജീവിതം പ്രയാസത്തിലാവുകയും ചെയ്യുമെന്നതിനാല്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ. പ്രശ്നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരദേശ ഹര്‍ത്താലടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.വി. സരോജിനി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി. ഗംഗാധരന്‍, ടി.വി. കണ്ണന്‍, എം.കെ. അബ്ദുല്‍ ഹമീദ് ഹാജി, എം.ടി. ഷഫീഖ്, പി.വി. രാമകൃഷ്ണന്‍, കെ.വി. ഭാസ്കരന്‍, ഉസ്മാന്‍ പാണ്ട്യാല, സി.വി. ജയന്‍, കെ.എം.സി. ഇബ്രാഹിം, ടി.കെ.പി. അബ്ദുറഹൂഫ്, കെ.കെ. കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷ സുമ കണ്ണന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.