ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൈമാറ്റം 28ന്

കാഞ്ഞങ്ങാട്: യു.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 1500ല്‍പരം വിദ്യാര്‍ഥികളും അധ്യാപകര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുമുള്ള അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജനുവരി 28ന് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനക്ക് സൗജന്യമായി കൈമാറും. ദശകോടികള്‍ വിലമതിക്കുന്ന സ്ഥാപനം സൗജന്യമായി യതീംഖാനക്ക് കൈമാറുന്ന ചടങ്ങ് ആഘോഷമാക്കാന്‍ യതീംഖാന ഭരണസമിതിയുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. 501 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. യതീംഖാന ഭരണസമിതി സംഘാടക സമിതിയുടെ സ്റ്റിയറിങ് കമ്മിറ്റിയായി പ്രവര്‍ത്തിക്കും. ഇഖ്ബാല്‍ എജുക്കേഷന്‍ ട്രസ്റ്റ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്തംഗങ്ങളായ സി. കുഞ്ഞാമിന, ഹമീദ് ചേരക്കാടത്ത്, ഹാജറ, യതീംഖാന ഭാരവാഹികളായ സുറൂര്‍ മൊയ്തു ഹാജി, സി.എച്ച്. ഇബ്രാഹിം മാസ്റ്റര്‍, പി.എം. ഹസന്‍ ഹാജി, പി.കെ. അബ്ദുല്ലക്കുഞ്ഞി, സി. യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു. യതീംഖാന പ്രസിഡന്‍റ് എ. ഹമീദ് ഹാജി സ്വാഗതവും ടി. മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നില്‍ക്കുന്ന 3.59 ഏക്കര്‍ ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ സ്ഥാപനം പൂര്‍ണമായും വഖഫ് നിയമപ്രകാരം യതീംഖാനക്ക് കൈമാറാനാണ് ഇഖ്ബാല്‍ എജുക്കേഷന്‍ ട്രസ്റ്റ് തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് പ്രഖ്യാപനം നടത്തും. യതീംഖാന മുഖ്യ ഉപദേഷ്ടാവ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT