കെ.എസ്.ടി.പി റോഡ്: അപാകതകള്‍ പരിഹരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

കാഞ്ഞങ്ങാട്: അശാസ്ത്രീയമായി നിര്‍മിക്കുന്ന കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡിന്‍െറ അപാകതകള്‍ പരിഹരിച്ചില്ളെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് നിര്‍മാണത്തില്‍ അപാകതകളുള്ള കാര്യം ചീഫ് എന്‍ജിനീയറെ അറിയിച്ചെങ്കിലും സര്‍വകക്ഷി യോഗത്തിന് ചീഫ് എന്‍ജിനീയര്‍ എത്താത്തത് നാട്ടുകാരെ രോഷാകുലരാക്കിയിട്ടുണ്ട്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ മുഖ്യരക്ഷാധികാരിയായി രൂപവത്കരിച്ച സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍: കോട്ടക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്‍വശത്തുള്ള റോഡിന്‍െറ ഉയര്‍ന്ന ഭാഗം, കല്ലിങ്കാല്‍ ഗവ. യു.പി സ്കൂളിന് മുന്‍വശത്തുള്ള ഉയര്‍ച്ച എന്നിവ നിരപ്പാക്കുക, ബേക്കല്‍ മുതല്‍ ചിത്താരി വരെ റോഡിന്‍െറ ഇരുവശത്തും ഡ്രെയ്നേജ് നിര്‍മിക്കുക, തെക്കുപുറം-ചേറ്റുകുണ്ട് വളവ്, ബേക്കല്‍-കോട്ടക്കുന്ന് വളവ്, അരളിക്കട്ട മേല്‍പാലം റോഡ് വളവ് എന്നിവ ഒഴിവാക്കി റോഡ് നേരെയാക്കുക, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുക, ബസ് ബേ നിര്‍മിക്കുക, ബേക്കല്‍ മുതല്‍ ചിത്താരി വരെ റോഡില്‍ ഡിവൈഡര്‍ നിര്‍മിക്കുകയും പ്രധാന സ്ഥലങ്ങളില്‍ ക്രോസിങ് അനുവദിക്കുകയും ചെയ്യുക, പാതയോരം ഗാര്‍ഡനിങ് നടത്തി സൗന്ദര്യവത്കരിക്കുക, റോഡില്‍ ഫ്ളൂറസന്‍റ് അടയാളങ്ങള്‍ സ്ഥാപിക്കുക, ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍, തെരുവ് വിളക്കുകള്‍, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ എന്നിവയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ റോഡ് നിര്‍മിക്കണമെന്നും റോഡ് നിര്‍മാണത്തില്‍ അഴിമതി അനുവദിക്കുകയില്ളെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്‍റ് പി. ഇന്ദിര, വൈസ് പ്രസിഡന്‍റ് പി.എം. അബ്ദുല്ലത്തീഫ്, കണ്‍വീനര്‍ കെ.ഇ.എ. ബക്കര്‍, കോഓഡിനേറ്റര്‍ ബി. വിജയഭാനു, പി.കെ. അബ്ദുല്ല, കെ.എം. മൊയ്തു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.