ഒമ്പത് തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതി അംഗീകരിച്ചു

കാസര്‍കോട്: ഒമ്പത് തദ്ദേശ സ്ഥാപനങ്ങളുടെ 2015-16 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. മഞ്ചേശ്വരം ബ്ളോക് പഞ്ചായത്ത്, മീഞ്ച, ചെറുവത്തൂര്‍, പിലിക്കോട്, മഞ്ചേശ്വരം, കുമ്പള, കിനാനൂര്‍- കരിന്തളം, ചെങ്കള, ഉദുമ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ ഭേദഗതി പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ബളാല്‍ ഗ്രാമപഞ്ചായത്തിന്‍െറ ഭേദഗതി പ്രൊജക്ടുകള്‍ സമിതിയുടെ പരിഗണനയിലാണ്. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകള്‍ 22.12 ശതമാനവും ആറ് ബ്ളോക് പഞ്ചായത്തുകള്‍ 21.98 ശതമാനവും മുനിസിപ്പാലിറ്റികളില്‍ കാഞ്ഞങ്ങാട് (22.63), കാസര്‍കോട് (20.71), നീലേശ്വരം (19.99) ഉള്‍പ്പെടെ 21.17 ശതമാനം തുക നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ വിനിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പദ്ധതികളുടെ മേല്‍നോട്ട ചുമതലകള്‍ തീരുമാനിച്ചു. കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്തും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും എ.ഡി.സി (ജനറല്‍), കാസര്‍കോട്, കാഞ്ഞങ്ങാട് ബ്ളോക്കുകളും പരിധിയിലുള്ള പഞ്ചായത്തുകളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നീലേശ്വരം ബ്ളോക് പഞ്ചായത്തും ബ്ളോക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും അസിസ്റ്റന്‍റ് പ്രൊജക്ട് ഓഫിസര്‍ (വനിതാവികസനം), കാറഡുക്ക, പരപ്പ, മഞ്ചേശ്വരം ബ്ളോക് പഞ്ചായത്തുകളും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളും എ.ഡി.സി (പെര്‍ഫോമന്‍സ് ഓഡിറ്റ്), ജില്ലാ പഞ്ചായത്തും ജില്ലയിലെ മുനിസിപ്പാലിറ്റികളും ഡെപ്യൂട്ടി, അസിസ്റ്റന്‍റ് ജില്ലാ പ്ളാനിങ് ഓഫിസര്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഈ മാസം 18ന് ശേഷം ഈ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗങ്ങള്‍ ചേരും. തെരുവു നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എ.ബി.സി പദ്ധതി സര്‍ക്കാറേതര സംഘടനകളുടെ സഹകരണത്തോടെ ഈ മാസം അവസാനം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ആറു ബ്ളോക്കുകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കും. ജില്ലയുടെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പൊതുവായ പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ പ്ളാനിങ് കമീഷനില്‍ സമര്‍പ്പിച്ച് പ്രത്യേകാനുമതി നേടാനാകുമെന്ന് ജില്ലാ പ്ളാനിങ് ഓഫിസര്‍ അറിയിച്ചു. ലോകബാങ്ക് പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികളുടെ പുരോഗതി അവലോകനത്തിന് സെക്രട്ടറിമാരുടെയും അസി.എന്‍ജിനീയര്‍മാരുടെയും യോഗം ഈ മാസം 21ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അഡ്ഹോക് ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം ഈ മാസം 15ന് രാവിലെ 10.30ന് ആസൂത്രണ സമിതി ഹാളില്‍ ചേരും. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്മാരായ ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട്), വി.വി. രമേശന്‍ (കാഞ്ഞങ്ങാട്), ബ്ളോക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണോദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.